സ്വദേശി വനിത കുഞ്ഞിനെയും സഹോദരിയേയും രക്ഷപ്പെടുത്തി

Posted on: July 14, 2019 8:02 pm | Last updated: July 14, 2019 at 8:02 pm

അബുദാബി : അല്‍ ഐനിലെ അല്‍ ഹിലി പ്രദേശത്ത് വീട്ടിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് സ്വദേശി വനിത തന്റെ കുഞ്ഞിനെയും സഹോദരിയെയും ധീരമായി രക്ഷപ്പെടുത്തിയതായി അബുദാബി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗ് മുഹമ്മദ് അല്‍ കിത്ബി പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂം അഗ്‌നിശമന സേനാംഗങ്ങള്‍, ട്രാഫിക് പട്രോളിംഗ്, ആംബുലന്‍സുകള്‍, പാരാമെഡിക്കല്‍ വിഭാഗം എന്നിവരെ രക്ഷാപ്രവര്‍ത്തനത്തിന് അയച്ചു.

സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ അബുദാബി അഗ്‌നിശമന സേനാംഗങ്ങള്‍ സുശക്തമായ നടപടി സീകരിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അറിയിച്ചു. താഴത്തെ നിലയില്‍ നിന്ന് കനത്ത പുക പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രണ്ടാം നിലയിലെ ബാല്‍ക്കണിയിലേക്ക് ഓടിക്കയറിയതായി സ്വദേശി വനിത പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ താഴത്തെ മുറികളിലൊന്നില്‍ എയര്‍കണ്ടീഷണറിന് തീപിടിച്ചതായി പോലീസ് പറഞ്ഞു.
തീപിടിത്തത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അല്‍ കിത്ബി പറഞ്ഞു.
സ്വദേശി വനിതയെയും കുടുംബത്തെയും വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും ഈടുറപ്പും ഉറപ്പാക്കുന്നതിന് പതിവായി പരിശോധിക്കുന്നത് വളരെ പ്രധാനമാണെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.