കര്‍ണാടക: മന്ത്രിമാരെയെല്ലാം രാജിവപ്പിച്ച് പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്

Posted on: July 8, 2019 4:55 pm | Last updated: July 8, 2019 at 7:11 pm

ബെംഗളൂരു: കര്‍ണാടകയില്‍ സഖ്യ കക്ഷി സര്‍ക്കാറിനെ നിലനിര്‍ത്താന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി നിര്‍ദേശത്തിന്റെ ഭാഗമായി ഉപ മുഖ്യമന്ത്രി ജി പരമേശ്വര ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവച്ചു. രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറാനിരിക്കുന്ന എം എല്‍ എമാരെ പകരം മന്ത്രിമാരാക്കി അനുനയിപ്പിക്കാനും അതുവഴി സര്‍ക്കാറിനെ രക്ഷിച്ചെടുക്കാനുമാണ് ശ്രമം.

21 മന്ത്രിമാരാണ് രാജിവച്ചത്. പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ബി ജെ പി കൂടാരം കയറാനുള്ള നീക്കത്തിന്റെ ഭാഗമായി 14 എം എല്‍ എമാരാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ കക്ഷി സര്‍ക്കാറില്‍ നിന്ന് രാജിവച്ചത്. ജെ ഡി എസ് തങ്ങളോടൊപ്പം നിര്‍ത്തിയിരുന്ന സ്വതന്ത്ര എം എല്‍ എ. എച്ച് നാഗേഷ് ബി ജെ പിയിലേക്ക് പോവുകയും ചെയ്തു.