ഹജ്ജിന്റെ സന്ദേശം മാനവികതയും സഹജീവി കരുണയും: കാന്തപുരം

Posted on: July 7, 2019 1:47 am | Last updated: July 7, 2019 at 2:15 am


കൊണ്ടോട്ടി: ഹജ്ജ് മുസ്‌ലിംകൾക്ക് മാത്രമുള്ളതെങ്കിലും ഹജ്ജിന്റെ സന്ദേശം മാനവികതയും ഭൂമിയിലുള്ള ജീവജാലങ്ങളോട് കരുണ കാണിക്കലുമാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ഹജ്ജ് ക്യാമ്പിൽ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹജ്ജിനെത്തുന്നവരിൽ രാജാവെന്നോ പ്രജയെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ല. എല്ലാവരും ഒരേ വേഷവും ഒരേ മന്ത്രവുമാണ് ഉരുവിടുന്നത്.

മനുഷ്യർക്കിടയിൽ വിശ്വാസിയോടും അവിശ്വാസിയോടും സ്‌നേഹവും ബഹുമാനവും ഭൂമിയിലുള്ള ജീവജാലങ്ങളോട് കാരുണ്യം ചെയ്യുവാനുമാണ് പ്രവാചകൻ വിടവാങ്ങൽ ഹജ്ജിൽ പഠിപ്പിച്ചത്. അന്യന്റെ ചോരയും അഭിമാനവും സംരക്ഷിക്കേണ്ടതും വിശ്വാസിയുടെ ബാധ്യതയാണ്. ഹജ്ജ് പുതുജീവിതമാണ് നൽകുന്നത്. ഹജ്ജ് കഴിഞ്ഞവൻ പാപമുക്തനാണ്. തുടർന്നുള്ള ജീവിതം സംശുദ്ധമായി മുന്നോട്ടു കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിലേക്ക് എമ്പാർക്കേഷൻ തിരിച്ചുകൊണ്ടുവന്നതിനും വനിതാ ബ്ലോക്കിനു തുക അനുവദിച്ചതിനും സർക്കാറിനെ കാന്തപുരം അഭിനന്ദിച്ചു.