Kerala
ഞാന്‍ ഇടതുപക്ഷക്കാരന്‍: രാഷ്ട്രീയ നിലപാടിന് കാരണം അടിയന്തിരാവസ്ഥയും പു ക സ പ്രവര്‍ത്തനവും- ഇന്ദ്രന്‍സ്

കോഴിക്കോട്: സജീവ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെങ്കിലും താന്‍ ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്ന് നടന്‍ ഇന്ദ്രന്‍സ്. അടിയന്തരാവസ്ഥയും, പുരോഗമന കലാ സാഹിത്യ സംഘ (പു ക സ) ത്തിലെ പ്രവര്‍ത്തനവുമെല്ലാമാണ് തന്റെ രാഷ്ട്രീയ നിലപാടിന് ആധാരമെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമാ മേഖലയില്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫ് പരാജയപ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. കാലം മാറുന്തോറും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രാര്‍ഥനക്കായി ക്ഷേത്രങ്ങളില്‍ പോകാം. അത് വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോള്‍ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടതും.
ടി പി സെന്‍കുമാര്‍, ജേക്കബ് തോമസ്, അബ്ദുല്ല കുട്ടി തുടങ്ങിയവര്‍ ബി ജെ പിയിലേക്ക് പോകുന്നത് നിലപാടൊന്നും ഉണ്ടായിട്ടല്ല. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്. അതില്‍ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നില്‍ക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ് അത്. അതൊക്കെ പിന്നീട് മാറിക്കോളും.
പാര്‍ട്ടിയോട് ആരും മനസ് മടുത്ത് പോകില്ല, അവര്‍ നിശബ്ദനാവുകയേയുള്ളൂ. അങ്ങനെ പോകുകയാണെങ്കില്‍ അതൊരു നിലപാടില്ലാത്ത പരിപാടിയാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു.