വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമിത്ഷയുടെ ഒഴിവില്‍ രാജ്യസഭയിലേക്ക്

Posted on: June 25, 2019 5:35 pm | Last updated: June 25, 2019 at 5:35 pm

ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മത്സരിക്കും. അഹമ്മദാബാദില്‍ എത്തിയ അദ്ദേഹം വരണാധികാരി മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത ശേഷമാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കേണ്ട അവസാന തീയതി ഇന്നാണ്. നാളെ സൂക്ഷ്മ പരിശോധന നടക്കും. 28 വരെ പത്രിക പിന്‍വലിക്കാം.

64കാരനായ ജയശങ്കര്‍ അപ്രതീക്ഷിതമായാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ മന്ത്രി പദവിയില്‍ എത്തിയത്. കഴിഞ്ഞ സര്‍ക്കാറില്‍ അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായിരുന്നു.

സ്മൃതി ഇറാനി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ഗുജറാത്തിലെ മറ്റൊരു രാജ്യസഭാ സീറ്റില്‍ ഗുജറാത്ത് ബിജെപി ഒബിസി സെല്‍ പ്രസിഡന്റ് ജുഗല്‍ജി താക്കൂറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഗൗരവ് പാണ്ട്യ, ചന്ദ്രിക ചുദാസമ എന്നിവരാണ് രാജ്യസഭാ സീറ്റിലേക്ക് പത്രിക നല്‍കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

രണ്ട് സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് പ്രത്യേകം പ്രത്യേകമായാണ് നടത്തുക. തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുപ്രീം കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒന്നിച്ച് നടത്തിയാല്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമായിരുന്നു.