അന്തർ സംസ്ഥാന ബസ് സർവീസ് നിര്‍ത്തുന്നു

Posted on: June 23, 2019 8:39 am | Last updated: June 23, 2019 at 12:48 pm


കൊച്ചി: ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ മുതൽ അനശ്ചിതകാലത്തേക്ക് അന്തർ സംസ്ഥാന ബസുകളുടെ സർവീസ് നിർത്തിവെക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ രണ്ട് മാസത്തിലധികമായി ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാഹന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

400 ഓളം ബസുകളാണ് സമരത്തിൽ പങ്കാളികളാകുന്നത്. അനാവശ്യമായി പിഴയീടാക്കി കൊള്ളയടിക്കുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിയുടെ ഓഫീസും ട്രാൻസ്‌പോർട്ട് കമീഷണറേറ്റുമായി നിരവധി ചർച്ചകൾ നടത്തിയിട്ടും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മനോജ് പടിക്കൽ പറഞ്ഞു. എല്ലാ ബസുടമകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ നിയമത്തിന്റെ പരിധിയിൽ നിന്നാണ് സർവീസുകൾ നടത്തുന്നത്. എന്നിട്ടും സർക്കാരും ഗതാഗത വകുപ്പും മുൻ വിധികളോടെയാണ് ബസ് ഉടമകളെ സമീപിക്കുന്നത്. കല്ലട ബസ് സർവീസ് നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മറ്റ് ബസ് ഉടമകളെ പീഡിപ്പിക്കുന്നത്. ഓപറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ ദിവസേന അന്തർസംസ്ഥാന ബസുകളിൽ നിന്ന് 10,000 രൂപ വീതം പിഴയീടാക്കുന്ന സാഹചര്യമാണുള്ളത്. കണ്ണൂരിലെ കൺവൻഷൻ സെന്റർ ഉടമയെ പോലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികൾ വായ്പയെടുത്ത് വ്യവസായം നടത്തുന്ന തങ്ങളെയും ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് നടപടികൾ.

കല്ലട ബസിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കുകയില്ല. അത് അവരുടെ മാനേജ്‌മെന്റിലെ പ്രശ്‌നമാണ്. അസോസിയേഷനിൽ അംഗമായ സുരേഷ് കല്ലടയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വാക്കാലുള്ള മറുപടി മാത്രമാണ് ലഭിച്ചത്.

കുറ്റം ചെയ്തവരെ അദ്ദേഹം പിരിച്ചുവിട്ടുവെന്നാണ് അറിയിച്ചത്. ആകെയുള്ള ബസുകളിൽ 30 ശതമാനം മാത്രമാണ് കല്ലടയുടേത്. ബാക്കിയുള്ളവരെയും അകാരണമായി ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബസുകൾ നികുതി അടക്കാതെ താത്കാലികമായി സർവീസ് നിർത്തിവെക്കുന്നതിനുള്ള ജി ഫോം നൽകാനും മറ്റ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ കേരളത്തിന്റെ റോഡ് നികുതി അടക്കാതെ സമരത്തിന്റെ ഭാഗമായി പ്രതിഷേധിക്കാനും തീരുമാനിച്ചു.

യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനും സുരക്ഷക്കുമായി പ്രത്യേക സംവിധാനം കൊണ്ടുവരാൻ തയ്യാറാണെന്ന് അറിയിച്ചിട്ട് സർക്കാർ പ്രതികരിച്ചിട്ടില്ല. ബുക്കിംഗ് ഓഫീസുകൾക്ക് ഏർപ്പെടുത്തിയ എൽ എ പി റ്റി ലൈസൻസ് വ്യവസ്ഥകളിലെ അശാസ്ത്രീയ നിബന്ധനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറിമാരായ എ ജെ റിജാസ്, ശരത്ത് ജി നായർ, ട്രഷറർ മണി ശശിധരൻ പങ്കെടുത്തു.