ബിഹാറില്‍ മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ എണ്ണം 127 ആയി; മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കരിങ്കൊടിയും ഗോ ബാക്ക് വിളികളും

Posted on: June 18, 2019 8:35 pm | Last updated: June 19, 2019 at 10:50 am

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ എണ്ണം 127 ആയി ഉയര്‍ന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പ്രതിഷേധം. മരിച്ച 127 കുട്ടികളില്‍ 108 പേരും മുസഫര്‍പുരില്‍നിന്നുള്ളവരാണ്. ഇതില്‍ 89 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

19 പേര്‍ കെജരിവാള്‍ ഹോസ്പിറ്റലിലും. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് നിതീഷ് കുമാറിനെതിരെ പ്രതിഷേധിച്ചത്. നിതീഷിനെതിരെ കരിങ്കൊടി പ്രയോഗവും ഗോ ബാക്ക് വിളികളുമുണ്ടായി. അതേ സമയം രോഗവുമായെത്തുന്നവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ പറഞ്ഞു. 400 രൂപവരെയുള്ള ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ മറ്റിടങ്ങളില്‍നിന്നും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.