ഡോക്ടര്‍മാരുടെ സമരം: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഹൈക്കോടതി

Posted on: June 14, 2019 8:57 pm | Last updated: June 15, 2019 at 10:02 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തോടു മുഖം തിരിഞ്ഞു നില്‍ക്കുകയും ചര്‍ച്ചക്ക് തയാറാവുകയും ചെയ്യാത്ത മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടിനെതിരെ കല്‍ക്കട്ട ഹൈക്കോടതി. സമരത്തിലുള്ള ഡോക്ടര്‍മാരെ ജോലി പുനരാരംഭിക്കാന്‍ പ്രേരിപ്പിക്കുന്നതിനും രോഗികള്‍ക്ക് അവരുടെ സേവനം ലഭിക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ടി ബി എന്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി സിറ്റിയിലെ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ കുറിച്ച ഉടന്‍ വിവരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനനും മമതയുടെ നിലപാടിനെതിരെ രംഗത്തു വന്നിരുന്നു. ഇതൊരു അഭിമാന പ്രശ്‌നമായി മാറ്റരുതെന്നും മമതയോട് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സുരക്ഷ വേണമെന്നും അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാത്രമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരെ താക്കീതു ചെയ്യുകയും ഇത്ര സമയത്തിനുള്ളില്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന അന്ത്യശാസനം നല്‍കുകയുമാണ് മമത ചെയ്തത്. ഇതാണ് രാജ്യത്താകമാനമുള്ള ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചതും സമരവുമായി മുന്നോട്ടു പോകാന്‍ അവരെ പ്രേരിപ്പിച്ചതും- അദ്ദേഹം വ്യക്തമാക്കി.

കൊല്‍ക്കത്തിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിരവധി പട്ടണങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലാണ്. ഇവിടങ്ങളിലെ ആശുപത്രി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.