Kozhikode
VIDEO - ഞങ്ങളെ കാര്യത്തിൽ ഞങ്ങളേക്കാൾ ശ്രദ്ധ പോലീസ് മാമൻമാർക്കാണ്...
കോഴിക്കോട്: പോലീസ് മാമൻമാർക്ക് ആശംസകൾ… സ്കൂളിലേക്ക് വരുമ്പോൾ രക്ഷിതാക്കൾ പറയും: “റോഡ് മുറിച്ചു കടക്കുമ്പോൾ സൂക്ഷിക്കണേ”. പക്ഷേ കോഴിക്കോട്ടെത്തിയാൽ ഞങ്ങളെ കാര്യത്തിൽ ഞങ്ങളേക്കാൾ ശ്രദ്ധ പോലീസ് മാമൻമാർക്കാണ്… പോലീസ് അസോസിയേഷൻ സമ്മേളനത്തിന് ആശംസകൾ… ഇങ്ങനെ തുടങ്ങുന്നതാണ് ഈ മാസം 20ന് നടക്കുന്ന സിറ്റി പോലീസ് അസോസിയേഷന്റെ 36 ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രൊമോ വീഡിയോ. നഗരത്തിലെ വിവിധ തട്ടിലുള്ളവർ പോലീസിനെക്കുറിച്ച് വിവരിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഈദും ഓണവും ക്രിസ്മസുമെല്ലാം കുടുംബത്തോടൊത്ത് ചെലവഴിക്കാൻ കൊതിക്കാത്തവരില്ല. എന്നാൽ, അപ്പോഴും ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന പോലീസുകാരെക്കുറിച്ച് ബീച്ചിലെ ഒരു ഐസ്ക്രീം വിൽപ്പനക്കാരൻ പ്രൊമോ വീഡിയോയിൽ വാചാലനാകുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ പൈതൃകവും രുചി വൈവിധ്യവുമെല്ലാം വിവരിക്കുന്ന വീഡിയോയിൽ പോലീസിന്റെ പുതിയ സൗഹൃദപ്പെരുമയെക്കുറിച്ച് മാനാഞ്ചിറയിൽ സ്ഥിരമായി സായാഹ്നം ചെലവഴിക്കുന്നവർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവരുടെ അഭിപ്രായ പ്രകടനങ്ങൾ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
പ്രൊമോ വീഡിയോയുടെ അണിയറ ശിൽപ്പികളും പോലീസുകാർ തന്നെയാണ്. നവീൻ നെല്ലൂലിമീത്തലും രഘീഷ് പറക്കോട്ടും കൊണ്ടുവന്ന ഈ ആശയത്തിന് സുന്ദരമായ രൂപകൽപ്പനയൊരുക്കിയത് ശരത് കോവിലകമാണ്. തിയേറ്ററിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇദ്ദേഹം പോലീസിൽ ചേർന്നത്. അനൂപ് പൂന്തോട്ടത്തിലും അഖിലേഷ് ലക്ഷ്മി ചന്ദ്രനുമാണ് ക്യാമറ സംവിധാനിച്ചത്.