കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് രാഹുല്‍ തന്നെ തുടരുമെന്ന് രണ്‍ദീപ് സുര്‍ജേവാല

Posted on: June 12, 2019 5:11 pm | Last updated: June 12, 2019 at 7:40 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി തന്നെ തുടരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും വക്താവുമായ രണ്‍ദീപ് സുരജേവാല പറഞ്ഞു. നേരത്തെയും ഇപ്പോഴും ഭാവിയിലും രാഹുല്‍ തന്നെയാകും പാര്‍ട്ടി അധ്യക്ഷനെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എകെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നുവെന്ന വാര്‍ത്തക്ക് പിന്നാലെയാണ് സുര്‍ജേവാലയുടെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെയ് 25നാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. നേതാക്കള്‍ എല്ലാവരും അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല.