‘ആ കുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചതില്‍ സന്തോഷം’: മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

Posted on: June 10, 2019 5:32 pm | Last updated: June 11, 2019 at 10:05 am

പഠാന്‍കോട്ട്: കത്‌വയില്‍ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഇരക്ക് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജമ്മു കശ്മീര്‍ മുന്‍ പോലീസ് ഓഫീസര്‍ രമേഷ് കുമാര്‍ ജല്ല. അന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത് ജല്ലയായിരുന്നു. ആ കുഞ്ഞിന്റെ ആത്മാവിന് നീതി ലഭിച്ചതില്‍ സന്തോഷം എന്നായിരുന്നു സംഭവത്തില്‍ ആറു പേരെ കുറ്റക്കാരാക്കിയുള്ള പ്രത്യേക കോടതിയുടെ വിധി വന്നയുടന്‍ ജല്ലയുടെ പ്രതികരണം. ക്രൈം ബ്രാഞ്ചില്‍ സീനിയര്‍ സൂപ്രണ്ടായിരിക്കെ കഴിഞ്ഞ മാസമാണ് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചത്.

കേസും അന്വേഷണവുമെല്ലാം അന്ന് ഭരണത്തിലെ സഖ്യകക്ഷികളായിരുന്ന പി ഡി പിയും ബി ജെ പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, അന്വേഷണ സമയത്ത് ഒരു രാഷ്ട്രീയ കക്ഷിയില്‍ നിന്നും തനിക്ക് യാതൊരു സമ്മര്‍ദവും നേരിടേണ്ടി വന്നിരുന്നില്ലെന്ന് ജല്ല പറഞ്ഞു. ‘ഞാന്‍ വിരമിച്ചു കഴിഞ്ഞു. എനിക്ക് ഏതെങ്കിലും വിധത്തില്‍ പ്രയാസമുണ്ടാകുന്ന സ്ഥിതി ഇപ്പോഴില്ല. പി ഡി പിയുടെയോ ബി ജെ പിയുടെയോ മന്ത്രിമാരില്‍ നിന്നോ എം എല്‍ എമാരില്‍ നിന്നോ ഒരു സമ്മര്‍ദത്തെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് ഈ സാഹചര്യത്തിലും ഞാന്‍ പറയുന്നു.’- മുന്‍ പോലീസ് ഓഫീസര്‍ വ്യക്തമാക്കി.

പൂര്‍ണമായും പ്രൊഫഷണലായ അന്വേഷണം നടത്തിയ ശേഷമാണ് തന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന് വര്‍ഗീയ നിറം നല്‍കാന്‍ ശ്രമങ്ങളുണ്ടായി എന്നത് സത്യമാണ്. എന്നാല്‍, മറ്റ് പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വ്യത്യസ്ത രൂപത്തിലുള്ള വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളും, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ച ചില അഭിഭാഷകരും മാത്രമാണ് തങ്ങളെ സമ്മര്‍ദത്തിലാഴ്ത്തിയത്.

തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുഖ്യ പ്രതി സഞ്ജി റാം സ്വാധീനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കത്വ പോലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിക്കൊണ്ട് 2018 ജനുവരി 23ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവായത്. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നവീദ് പീര്‍സാദ, വനിതാ ഡെപ്യൂട്ടി എസ് പി ശ്വേതാംബരി ശര്‍മ, സബ് ഇന്‍സ്‌പെക്ടര്‍ ഇര്‍ഫാന്‍ വാനി, ഇന്‍സ്‌പെക്ടര്‍ കെ കെ ഗുപ്ത, അസിസ്റ്റന്റ് എസ് ഐ. താരീഖ് അഹമ്മദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.