ധവാന് സെഞ്ചുറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: June 9, 2019 4:28 pm | Last updated: June 12, 2019 at 6:15 pm

ഓവല്‍: ലോകകപ്പില്‍ ആസ്ത്രേലിയക്കെതിരായ ആവേശപ്പോരില്‍ശിഖര്‍ ധവാന്റെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓവലില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത അമ്പത് ഓവറില്‍ 5 വിക്കറ്റിന് 352 റണ്‍സാണ് ഇന്ത്യ നേടിയത്. ആസ്‌ത്രേലിയക്കെതിരെ ലോകകപ്പിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോറാണിത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ എട്ട് റണ്‍സിന് മടങ്ങേണ്ടി വന്ന ശിഖര്‍ ധവാന്‍ ഓവലിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ചാണ് ഇത്തവണ മിന്നിയത്. 109 പന്തില്‍ 117 റണ്‍സോടെ 16 ബൗണ്ടറികളടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു ധവാന്റെ വിക്കറ്റ്. 77 പന്തില്‍ 82 രണ്‍സ് നേടിയ നായകന്‍ വിരാട് കോലിയും 70 പന്തില്‍ 57 റണ്‍സെടുത്ത രോഹിത് ശര്‍മയും അര്‍ദ്ധ സെഞ്ചുറി നേടിയത് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു.

ഹാര്‍ദിക് പാണ്ഡ്യ (48), എം എസ് ധോനി (27) എന്നിവരും തിളങ്ങി. മൂന്ന് പന്തുകള്‍ നേരിട്ട കെ എല്‍ രാഹുല്‍ ഒരു സിക്‌സും ഒരു ഫോറും നേടി 11 റണ്‍സുമായി പുറത്താകാതെ നിന്നു. ആസ്‌ത്രേലിയക്കെതിരെ 353 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ച ഇന്ത്യക്ക് ഇനി ബോളിംഗിലും തിളങ്ങാനായാല്‍ ഈ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കാം.

കരുതലോടെയാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 19 ഓവറുകള്‍ പിന്നിട്ടപ്പോഴാഴിരുന്നുനൂറ് കടന്നത്. ആസ്ത്രേലിയയുടെ പേസ് ആക്രമണത്തെ തുടക്കത്തിലേ വളരെ കരുതിയാണ് ഇന്ത്യന്‍ ഓപണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും നേരിട്ടത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിട്ടത്. കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങിയത്.