നിപ്പാ: കർണാടകയിലും ജാഗ്രതാ നിർദേശം

Posted on: June 8, 2019 10:25 am | Last updated: June 8, 2019 at 10:25 am


ബെംഗളൂരു: കേരളത്തിൽ വീണ്ടും നിപ്പാ റിപ്പോർട്ട് ചെയ്തതോടെ അയൽസംസ്ഥാനമായ കർണാടകയിലും ജാഗ്രതാ നിർദേശം. സംസ്ഥാനത്തെ എട്ട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ചാമരാജ്നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങളാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണിവ.

ആരോഗ്യ വകുപ്പ്, വെറ്ററിനറി വകുപ്പ്, ഐ എം എ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നീ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കമ്മിറ്റികൾ രൂപവത്കരിക്കാനും കർണാടക ആരോഗ്യ വകുപ്പ് നിർദേശം നൽകി. എട്ട് ജില്ലകളിലും നിർബന്ധമായും രണ്ട് ഐസോലേഷൻ വാർഡുകൾ സജ്ജമാക്കണം. നിപ്പാ വൈറസ് ബാധിച്ചതിന് സമാന രോഗ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിലെ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാനും സംശയകരമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനും എല്ലാ ആശുപത്രി അധികൃതർക്കും നിർദേശം നൽകി.

തൊടുപുഴയിലെ കോളജിലെ 23 കാരനായ വിദ്യാർഥിയിലാണ് നിപ്പാ കണ്ടെത്തിയത്. വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കളമശേരിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന ഏഴ് പേരുടേയും പരിശോധനാ ഫലത്തിൽ നിപ്പാ ഇല്ലെന്ന് വ്യക്തമാക്കുന്ന സ്രവ പരിശോധനാ റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്.