ആവേശകരമായ അട്ടിമറിക്ക് 15 ശതമാനം

തിരിഞ്ഞു നോക്കുമ്പോള്‍
 • ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത് മൂന്ന് തവണ.
 • രണ്ടിലും വിജയം ബംഗ്ലാദേശിന്
 • ആകെ 20 ഏകദിനത്തിൽ 16 തവണയും വിജയിച്ചത് ഇംഗ്ലണ്ട്.
 • റാങ്കിംഗ്: ഇംഗ്ലണ്ട് 1 , ബംഗ്ലാദേശ് 7
 • വേദി: സോഫിയ ഗാർഡൻസ്
 • സമയം: ഇന്ന് വൈകുന്നേരം 3.00
 • ലൈവ്: സ്റ്റാർ സ്പോർട്സ്
Posted on: June 8, 2019 10:03 am | Last updated: June 12, 2019 at 6:15 pm

ലണ്ടൻ: ക്രിക്കറ്റിലായാലും ഫുട്‌ബോളിലായാലും ഇഷ്ട ടീം കഴിഞ്ഞാൽ ജനങ്ങൾ പിന്തുണ നൽകുന്നത് ദുർബല ടീമുകൾക്കാണ്. പ്രതീക്ഷിച്ചതും പ്രവചിച്ചതുമായ ഫലങ്ങൾ അട്ടിമറിക്കപ്പെടുമ്പോഴാണ് ലോകകപ്പ് ആവേശകരമാകുന്നത്. ഇന്ന് നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളും ക്രിക്കറ്റ് പ്രേമികളിൽ ഭൂരിഭാഗവും വീക്ഷിക്കുന്നത് അട്ടിമറി നടക്കണമെന്നാഗ്രഹത്തോടെയായിരിക്കും. ആതിഥേയരായ ഇംഗ്ലണ്ടിനെ ബംഗ്ലാദേശും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ന്യൂസിലാൻഡ് താഴേ തട്ടിലെ അഫ്ഗാനിസ്ഥാനെയും നേരിടും. അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ന്യൂസിലാൻഡും ഇംഗ്ലണ്ടും ജയിക്കും. ഇവരുടെ എതിർ ടീമുകൾക്ക് 15 ശതമാനത്തിന്റെ വിജയ സാധ്യതയാണ് ക്രിക്കറ്റ് വിദഗ്ധർ കൽപ്പിക്കുന്നത്. ആ 15 ശതമാനത്തിലാണ് ഇന്നത്തെ കളിയുടെ ആവേശവും ആഹ്ലാദവുമുള്ളത്.

അഫ്ഗാനിസ്ഥാനേക്കാൾ ഇന്ന് അട്ടിമറി സാധ്യത കൂടുതലുള്ളത് ബംഗ്ലാദേശിനാണ്. ഇംഗ്ലണ്ടിനെ ലോകകപ്പിലും അല്ലാതെയും വിറപ്പിച്ച ടീമാണ് ബംഗ്ലാ കടുവകൾ. ഇരുടീമുകളും തമ്മിൽ ലോകകപ്പിൽ ഏറ്റുമുട്ടിയത് മൂന്ന് തവണയാണ്. ഇതിൽ രണ്ട് പ്രാവശ്യവും വിജയം കൈക്കലാക്കിയത് ബംഗ്ലാദേശാണ്. 2007ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് ബംഗ്ലാദേശിനോട് ജയിച്ചത്. 2011ലെയും 15ലെയും ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആകസ്മികവും ത്രസിപ്പിക്കുന്നതുമായ വിജയം നേടിയത് ബംഗ്ലാദേശായിരുന്നു.

എന്നാൽ, കണക്കുകളൊക്കെ ഇങ്ങനെയാണെങ്കിലും ഇംഗ്ലണ്ടിനാണ് ഇക്കുറി വിജയസാധ്യത. കൃത്യതയോടെ ബോൾ ചെയ്യുന്ന ജൊഫ്ര ആർച്ചറിന് മുന്നിൽ ബംഗ്ലാദേശ് ബാറ്റിംഗ് നിര തകർന്നടിയുമെന്ന് തന്നെ ഊഹിക്കാം. ക്രിസ് വോക്‌സും മാർക് വുഡും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. ഇരുവർക്കും കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി യഥാക്രമം13ഉം 11ഉം വിക്കറ്റ് ലഭിച്ചിട്ടുണ്ട്. ബാറ്റിംഗ് നിരയിലും കരുത്തന്മാരുടെ കൂട്ടം തന്നെ ഇംഗ്ലണ്ടിനുണ്ട്. മുൻനിരയിലും മധ്യ നിരയിലും ഒരുപോലെ തിളങ്ങുന്ന താരങ്ങൾ ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇയോൺ മോർഗൻ, ജെയ്‌സൺ റോയ്, ജോ റൂട്ട് എന്നിവരുടെ സമീപകാല പ്രകടനം ഏറെ മികവുള്ളതാണ്. ആൾ റൗണ്ടർമാരായി എൽ എ ഡേവ്‌സണും മോയിൻ അലിയും ബെൻ സ്‌റ്റോക്‌സും ഇംഗ്ലണ്ടിന്റെ തകർക്കാനാകാത്ത ആത്മവിശ്വാസങ്ങളാണ്.

ബംഗ്ലാദേശിന്റെ ലോകകപ്പ് പ്രകടനങ്ങളുമായി താരതമ്യപ്പെടുത്തി ഇംഗ്ലണ്ടിന്റെ പരാജയം പ്രവചിക്കുന്നവരെ കുറ്റം പറയാൻ സാധിക്കില്ല. സന്നാഹ മത്സരത്തിൽ ബംഗ്ലാദേശ് തകർത്ത പാക്കിസ്ഥാനോട് കഴിഞ്ഞ കളിയിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ ദക്ഷിണാഫ്രിക്കയോട് ബംഗ്ലാദേശും ഇംഗ്ലണ്ടും വിജയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുക്കാനായത് ബംഗ്ലാദേശിനാണ്.
ബാറ്റിംഗ് നിരയിൽ തമീം ഇഖ്ബാലും മെഹിദി ഹസനും സൗമ്യ സർക്കാറും ബോളിംഗ് നിരയിൽ മുഹമ്മദ് മിഥുൻ, ആൾ റൗണ്ടറായ ശാകിബ് അൽ ഹസൻ എന്നിവർ ബംഗ്ലാദേശിന്റെ പ്രതീക്ഷ തന്നെയാണ്.

ന്യൂസിലാൻഡ് VS അഫ്ഗാൻ

തിരിഞ്ഞു നോക്കുമ്പോള്‍

 • ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത് ഒരു തവണ മാത്രം.
 • ജയം ന്യൂസിലാൻഡിന്
  കഴിഞ്ഞ ലോകകപ്പിലെ മത്സരമാണ് ഇരുടീമുകളും തമ്മിലുള്ള അവസാന ഏകദിനവും
 • റാങ്കിംഗ്: ന്യൂസിലാൻഡ് 4, അഫ്ഗാൻ 10
 • വേദി: കൺട്രിഗ്രൗണ്ട്
 • സമയം: ഇന്ന് വൈകുന്നേരം 6.00
 • ലൈവ്: സ്റ്റാർ സ്പോർട്സ്

പോയിന്റ് പട്ടികയിൽ പത്താം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാൻ അമരത്തുള്ള ന്യൂസിലാൻഡുമായി മത്സരിക്കുമ്പോൾ വിജയം ആഗ്രഹിക്കുന്നത് അത്യാഗ്രഹമായേക്കും. ബോളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് നിരയിൽ പരിപൂർണത അവകാശപ്പെടാവുന്ന ടീമായി ന്യൂസിലാൻഡ് മാറിയിട്ടുണ്ട്. എന്നാൽ, ന്യൂസിലാൻഡിനെ വിറപ്പിക്കാനുള്ള മരുന്നൊന്നും അഫ്ഗാൻ ബാറ്റ്‌സ്മാന്മാർക്കോ ബോളർമാർക്കോ ഇല്ലെന്നതാണ് വസ്തുത. ആകെ ഒരു തവണ മാത്രമാണ് അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനെ നേരിട്ടത്. അതും കഴിഞ്ഞ ലോകകപ്പിലായിരുന്നു. അഫ്ഗാന്റെ 186 എന്ന സ്‌കോർ മറികടന്ന് ആറ് വിക്കറ്റിന്റെ ആധികാരിക വിജയം ന്യൂസിലാൻഡ് അന്ന് കരസ്ഥമാക്കി.