പ്രവർത്തകരോട് പവാർ ആർ എസ് എസിനെ കണ്ട് പഠിക്കൂ

Posted on: June 8, 2019 9:40 am | Last updated: June 8, 2019 at 9:40 am


മുംബൈ: തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ആർ എസ് എസ് പ്രവർത്തകരെ കണ്ട് പഠിക്കണമെന്ന് പ്രവർത്തകർക്ക് എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ നിർദേശം. ജനങ്ങളുമായുള്ള ബന്ധം നിലനിർത്തേണ്ടത് എങ്ങനെയാണെന്ന് ആർ എസ് എസുകാർക്ക് നന്നായി അറിയാമെന്നും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എൻ സി പിയുടെ പരാജയത്തിന് കാരണമായതെന്നും പൂനെയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അദ്ദേഹം പറഞ്ഞു.

“ആർ എസ് എസ് പ്രവർത്തകർ പ്രചാരണം നടത്തുന്നത് നിങ്ങൾ കണ്ടുപഠിക്കണം. അവർ അഞ്ച് വീടുകൾ സന്ദർശിക്കുമ്പോൾ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കിൽ പിന്നീട് വീണ്ടുമെത്തി ആ ഒരു വീട്ടിലെ അംഗങ്ങളെ കാണും. ജനങ്ങളുമായി ബന്ധം നിലനിർത്തേണ്ടതെങ്ങനെയെന്ന് ആർ എസ് എസുകാർക്ക് നന്നായി അറിയാം.’ പവാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അടുത്തെത്തിയെന്നും ഇന്ന് മുതൽ വീടുകൾ സന്ദർശിച്ച് വോട്ടർമാരെ കാണണമെന്നും അതുവഴി, തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓർമ വരികയുള്ളൂ എന്ന വോട്ടർമാരുടെ പരാതി ഇല്ലാതാകുമെന്നും പവാർ പറഞ്ഞു.