Connect with us

Kerala

അര്‍ബുദമെന്ന് തെറ്റായി നിര്‍ണയിച്ച് വീട്ടമ്മക്ക് കീമോ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: അര്‍ബുദമില്ലാത്ത വീട്ടമ്മക്ക് കീമോ തെറാപ്പി നല്‍കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതി ചികിത്സ തേടിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഇക്കാര്യത്തില്‍ അടിയന്തര വിശദീകരണം നല്‍കുകയും വേണം. കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജുവാണ് സംഭവത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കമ്മീഷനെ സമീപിച്ചത്.

ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് അര്‍ബുദ രോഗിയെന്ന് തെറ്റായി നിര്‍ണയിച്ച് കീമോ നല്‍കിയത്.
മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് രജനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കായി സ്വീകരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും മറ്റൊരെണ്ണം സ്വകാര്യ ലാബിലേക്കും അയക്കുകയായിരുന്നു. പിന്നീട് അര്‍ബുദമുണ്ടെന്ന് സ്ഥിരീകരിച്ച സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് പ്രകാരം കീമോ ഉള്‍പ്പടെയുള്ള ചികിത്സ തുടങ്ങുകയായിരുന്നു.

ആദ്യ കീമോക്കു ശേഷമാണ് അര്‍ബുദമില്ലെന്ന പതോളജി ലാബിലെ ഫലം ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നല്‍കിയ സാമ്പിളും വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഉറപ്പുവരുത്താന്‍ തിരുവനന്തപുരം ആര്‍ സി സിയിലേക്ക് സാമ്പിളുകള്‍ അയച്ചു പരിശോധിച്ചപ്പോഴും അര്‍ബുദം കണ്ടെത്താനായില്ല. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തന്നെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

സ്വകാര്യ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് മുടികൊഴിഞ്ഞുപോകുന്നത് ഉള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ രജനിയെ ബാധിച്ചിരിക്കുകയാണ്. പിന്നീട് മെഡിക്കല്‍ കോളജ് ലാബിലും ആര്‍ സി സിയിലും നടത്തിയ പരിശോധനകളില്‍ രജനിക്ക് അര്‍ബുദം ഇല്ലെന്ന് തെളിയുകയായിരുന്നു. സ്വകാര്യ ലാബിന്റെയും മെഡിക്കല്‍ കോളജിന്റെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രജനിയും കുടുംബവും ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest