Connect with us

Sports

ഇന്നിറങ്ങുന്നുണ്ട് യുദ്ധ ഭൂമിയിലെ അഫ്ഗാൻ ടീം

Published

|

Last Updated

അമേരിക്കൻ സൈന്യം തീർത്ത യുദ്ധഭൂമിയും താലിബാൻ തീവ്രവാദികൾ സൃഷ്ടിച്ച കലാപാന്തരീക്ഷവും നേരിൽ കണ്ടും അനുഭവിച്ചും വളർന്നവരാണ് ഇന്ന് ഇംഗ്ലണ്ടിൽ മത്സരിക്കാനിറങ്ങുന്ന അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം. സമാധാനപരമായ സാമൂഹിക ക്രമത്തിൽ ആക്രമണങ്ങളും യുദ്ധങ്ങളും സൃഷ്ടിക്കുന്ന അസ്വഭാവികതയിൽ നിന്ന് അഫ്ഗാൻ ടീം അറിയാതെ പഠിച്ചെടുത്ത സ്‌പോർട്‌സ് പാഠമാകാം അട്ടിമറികളുടെ ആവർത്തനം സൃഷ്ടിക്കാൻ അവരെ പ്രേരിപ്പിച്ചത്. ആവേശകരമായ ക്രിക്കറ്റ് അനുഭവം നൽകിക്കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാൻപല കൊമ്പന്മാരെയും മുട്ടുവിറപ്പിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ലോകകപ്പ് സന്നാഹത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയാണ് ക്രിക്കറ്റ് ലോകത്തെ അവർ അത്ഭുതപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്റെ രണ്ടാമത്തെ ലോകകപ്പ്. ലോകകപ്പിന്റെ നാലാം മത്സരമായ ഇന്ന് കരുത്തരായ ആസ്‌ത്രേലിയയെ നേരിടുന്ന അഫ്ഗാനിൽ നിന്ന് ആകസ്മികമായ പ്രകടനങ്ങളാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. അങ്കത്തിന് കൂടിയാണ് ഇന്ന് നാന്ദി കുറിക്കാനിരിക്കുന്നത്.

അഫ്ഗാനിസ്ഥാൻ ടീമിലെ ഓരോ അംഗങ്ങളും ജീവിതത്തിന്റെ ദുരന്തപർവങ്ങൾ താണ്ടിയവരാണ്. ടീമിന്റെ ക്യാപ്റ്റൻ ഗുൽബാദിൻ നാഇബ് അഭയാർഥി ക്യാമ്പിൽ നിന്നാണ് ക്രിക്കറ്റ് ലോകത്തെത്തുന്നത്. ടി20 റാങ്കിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ബൗളർ റാശിദ് ഖാനും പലായനം ചെയ്ത കുടുംബത്തിൽ നിന്നാണ് ക്രിക്കറ്റിന്റെ ലോകത്തെത്തുന്നത്. നയതന്ത്രപരമായി ഒരുപാട് തർക്കങ്ങളുണ്ടെങ്കിലും അഫ്ഗാനിസ്ഥാനെ ക്രിക്കറ്റ് ലോകത്തെത്തിക്കുന്നതിൽ പാക്കിസ്ഥാന് വലിയ പങ്കുണ്ട്. അഫ്ഗാൻ താരങ്ങൾ പലരും ക്രിക്കറ്റ് പരിശീലനം നേടിയത് പാക്കിസ്ഥാനിൽ നിന്നായിരുന്നു. എന്നാൽ, ഇപ്പോൾ അഫ്ഗാന് പിന്തുണയും സഹായവും നൽകുന്നത് ഇന്ത്യയാണ്. രണ്ടാമത്തെ ഹോം ഗ്രൗണ്ടാണ് അഫ്ഗാനിസ്ഥാന് ഇന്ത്യ. ഉത്തർപ്രദേശിലെ ഗ്രൗണ്ടുകളും പരിശീലന കേന്ദ്രങ്ങളും ഉപയോഗിക്കാൻ അഫ്ഗാന് അനുമതിയുണ്ട്.

ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്ന കളിയും മത്സര ഫലങ്ങളും അഫ്ഗാൻ ടീം കാലങ്ങളായി മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. തുടക്കക്കാരായെത്തുന്ന ടീം വ്യത്യസ്‌തകളും അട്ടിമറികളും സൃഷ്ടിച്ച് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമ്പോൾ ക്രിക്കറ്റ് ലോകം കൈയടിച്ച് അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ആ കൈയടിക്ക് പിന്നിൽ ക്രിക്കറ്റിനെ അറിയുന്നവരും സ്‌നേഹിക്കുന്നവരുമുണ്ടാകും. അവിടെ കൊടിയുടെ നിറമോ രാജ്യത്തിന്റെ പേരോ പ്രസക്തമല്ല. അഫ്ഗാനിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്നതും ഈ ഒരു അംഗീകാരമാണ്. ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നവരാണ് അഫ്ഗാനെന്ന ഖ്യാതി ക്രിക്കറ്റ് ലോകത്ത് ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ലോകക്രിക്കറ്റിൽ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള പാക്കിസ്ഥാനെ സന്നാഹ മത്സരത്തിൽ പരാജയപ്പെടുത്തിയ ഊർജത്തിലാണ് അഫ്ഗാനിസ്ഥാൻ ഇന്ന് പോരിനിറങ്ങുന്നത്. പാക്കിസ്ഥാന് മേൽ മേൽക്കൈ നേടിയെടുക്കാൻ സാധിച്ച അതേ ഗ്രൗണ്ടിലാണ് ആസ്‌ത്രേലിയയും അഫ്ഗാനിസ്ഥാന്റെ എതിരാളികളായി എത്തുന്നത്.

വേദനകളുടെയും കലഹങ്ങളുടെയും ലോകത്ത് നിന്ന് അഫ്ഗാൻ ജനതയെ മോചിപ്പിക്കുന്നതിൽ ക്രിക്കറ്റിന് വലിയ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ട്. 2009ൽ സ്‌കോട്‌ലാൻഡുമായി ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ പാഡ് കെട്ടിയ അഫ്ഗാനിസ്ഥാൻ ആറ് വർഷം കൊണ്ട് (2015) ലോകകപ്പിൽ മാറ്റുരച്ചു. ചുരുങ്ങിയ വർഷം കൊണ്ട് അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് ലോകം വളർന്നുകൊണ്ടിരുന്നു. രണ്ട് വർഷം മുമ്പ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവിയും ലഭിച്ചു. ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഫ്ഗാൻ താരങ്ങൾ ഐ പി എൽ അടക്കമുള്ള വിവിധ ലീഗ് മത്സരങ്ങളിൽ സ്ഥിരസാന്നിധ്യമാണ്.

തന്റെ രാജ്യത്തെ അന്താരാഷ്ട്രതലത്തിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് അഫ്ഗാൻ ടീം ക്യാപ്റ്റൻ ഗുൽബാർദ്ദീൻ നാഇബ് വ്യക്തമാക്കുന്നു. 40 വർഷത്തെ ആഭ്യന്തര യുദ്ധങ്ങളിൽ ഛിന്നഭിന്നമായ രാജ്യത്തെ ക്രിക്കറ്റിലൂടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയാണ് നാഇബ്.