വികസന നായകനില്‍ നിന്ന്‌ “വിഭജന നായകനി’ലേക്കുള്ള ദൂരം

ഭിന്നിപ്പിന്റെ രാഷ്ട്രീയം പുറത്തെടുത്ത് അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ടൈം മാഗസിന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്. ഈ വാഗ്ദാനം നിറവേറ്റിയില്ല എന്ന് മാത്രമല്ല, വിഷലിപ്തമായ മത ദേശീയതയുടെ അന്തരീക്ഷം രാജ്യത്ത് വളര്‍ത്തിയെടുക്കാന്‍ മോദി സഹായിക്കുകയും ചെയ്തു എന്നാണ് മോദി "ഭിന്നിപ്പിക്കലിന്റെ തലവന്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയില്‍ ടൈം മാഗസിന്‍ വിശദീകരിക്കുന്നത്. 2014ല്‍ ജനങ്ങളുടെ മത-സാമൂഹിക ഭിന്നതകളെ ചൂഷണം ചെയ്യാന്‍ മോദിക്കായി. എന്നാല്‍ 2019ല്‍ തങ്ങളുടെ നൈരാശ്യം അകറ്റാന്‍ ഭിന്നതയില്‍ തന്നെ അഭയം തേടാനാണ് മോദി ജനങ്ങളെ ഉപദേശിക്കുന്നത്. 2014ല്‍ മോദി ഇന്ത്യക്ക് രക്ഷകനായിരുന്നു. ഭാവിയുടെ വാഗ്ദാനവുമായിരുന്നു. ഹിന്ദു നവോത്ഥാന നായകനായിരുന്നു. സാമ്പത്തിക പരിഷ്‌കര്‍ത്താവുമായിരുന്നു. എന്നാലിന്ന് മോദി വെറുമൊരു രാഷ്ട്രീയക്കാരനാണ്. പരാജിതനായ രാഷ്ട്രീയക്കാരന്‍. വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ പോലുമില്ലാത്ത നായകന്‍ എന്നാണ് മാഗസിനിലെ ലേഖനം മോദിയെ വിലയിരുത്തുന്നത്.
Posted on: May 15, 2019 9:49 am | Last updated: May 15, 2019 at 9:49 am

പത്ര മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. ചുരുക്കം ചില രാജ്യങ്ങള്‍ ഒഴികെ ലോകത്തൊട്ടാകെ മാധ്യമങ്ങള്‍ക്ക് ഈ സ്ഥാനം നല്‍കപ്പെട്ടിട്ടുമുണ്ട്. നമ്മുടെ രാജ്യത്ത് പത്ര മാധ്യമങ്ങള്‍ ഭരണഘടനയിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ആയാണ് കണക്കാക്കിയിട്ടുള്ളത്. എക്‌സിക്യൂട്ടീവും ലെജിസ്ലേറ്റീവും ജുഡീഷ്യറിയും കഴിഞ്ഞാല്‍ ഭരണഘടനയെത്തന്നെ താങ്ങിനിര്‍ത്തുന്ന നാലാമത്തെ നെടും തൂണാണ് പത്ര മാധ്യമങ്ങള്‍. ലോക പ്രശസ്ത മാധ്യമങ്ങള്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ ഭരണാധികാരികള്‍ക്കെതിരായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുണ്ട്. അതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് പുറത്തിറങ്ങുന്ന ടൈം മാഗസിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നു.

ഭിന്നിപ്പിന്റെ രാഷ്ട്രീയം പുറത്തെടുത്ത് അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ടൈം മാഗസിന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്. ഈ വാഗ്ദാനം നിറവേറ്റിയില്ല എന്ന് മാത്രമല്ല, വിഷലിപ്തമായ ഹിന്ദുമത ദേശീയതയുടെ അന്തരീക്ഷം രാജ്യത്ത് വളര്‍ത്തിയെടുക്കാന്‍ മോദി സഹായിക്കുകയും ചെയ്തു എന്നാണ് മോദി “ഭിന്നിപ്പിക്കലിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയില്‍ ടൈം മാഗസിന്‍ വിശദീകരിക്കുന്നത്.

മോദിക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ ഇന്ത്യയോടൊപ്പമാണ്; മോദിക്കൊപ്പം അല്ലെങ്കില്‍ നിങ്ങള്‍ രാജ്യവിരുദ്ധരെ ശക്തിപ്പെടുത്തുകയാണ് എന്ന് ബി ജെ പി നേതാവ് തേജസ്വി സൂര്യ ഈയിടെ പ്രസംഗിച്ചിരുന്നു. ഇത് ഇന്ത്യ എവിടെ എത്തി നില്‍ക്കുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാവര്‍ക്കും വികസനം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഭിന്നത വളര്‍ത്താനാണ് ശ്രമിക്കുന്നത്. 2014ല്‍ ഹിന്ദുക്കളുടെ രക്ഷകനായി അവതരിച്ച മോദി ഇപ്പോള്‍ പരാജിതനായ രാഷ്ട്രീയക്കാരനാണ്. വീണ്ടും അധികാരത്തിലെത്താന്‍ അദ്ദേഹം ഇപ്പോള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു.
ഇന്ത്യയിലെ ജനസംഖ്യയില്‍ 15 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്കെതിരെ സര്‍ക്കാറിന്റെ പരോക്ഷമായ പിന്തുണയോടെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായി. ഗോമാതാവിനെ സംരക്ഷിക്കാനെന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വ്യാപകമായി അരങ്ങേറി. ഭരണ നേതൃത്വം ഇതിലെല്ലാം ബോധപൂര്‍വമായ നിശബ്ദതയാണ് പുലര്‍ത്തിയത്.
അക്രമങ്ങള്‍ക്ക് തടയിടാന്‍ മോദി ശ്രമിച്ചില്ല. പരിഷ്‌കൃത സമൂഹത്തില്‍ അനിവാര്യമായി വേണ്ട അടിസ്ഥാന മൂല്യങ്ങള്‍ ഒലിച്ചു പോയി. ആക്രമണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മാത്രമല്ല, ദളിതര്‍ക്ക് നേരെയും നീണ്ടു. പുരോഗമന ചിന്താഗതിക്കാരും മതന്യൂനപക്ഷങ്ങളും സാംസ്‌കാരിക നായകരും വേട്ടയാടപ്പെട്ടു. അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ്, ബ്രസീലിലെ ബോള്‍സനാരോ എന്നിവരുടെ രാഷ്ട്രീയവും മോദിയുടെ രാഷ്ട്രീയവും തമ്മില്‍ നല്ല സാദൃശ്യമുണ്ട്.

രാഷ്ട്രീയത്തിലെ അഭിജാതരോട് പടവെട്ടിയും ചായക്കച്ചവടക്കാരന്റെ മകനെന്ന പരിവേശം എടുത്തണിഞ്ഞുമാണ് മോദി കഴിഞ്ഞ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദക്ഷിണ കൊറിയ പോലെ വളര്‍ച്ച നേരിടുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ഭരണഘടനാ സ്ഥാപനങ്ങളുടെ സംശുദ്ധി വ്യാപകമായി ചോദ്യം ചെയ്യപ്പെട്ട സാഹചര്യം ഉടലെടുത്തു. മതനിരപേക്ഷത, സ്വതന്ത്ര ചിന്ത, മാധ്യമ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള സ്വതന്ത്ര ഇന്ത്യയുടെ അടിസ്ഥാന ശിലകള്‍ക്ക് വലിയ ഇളക്കം തട്ടുകയും ചെയ്തു. ഇന്ത്യ സാംസ്‌കാരിക സമന്വയത്തിന്റെ ദേശമല്ലെന്നും മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും ജാതീയ വികാരങ്ങളുടെയും ദളിത് പിന്നാക്ക പീഡനങ്ങളുടെയും ഭൂമിയാണെന്നുമുള്ള ആശയമാണ് മോദിയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.
2014ല്‍ ജനങ്ങളുടെ മത-സാമൂഹിക ഭിന്നതകളെ ചൂഷണം ചെയ്യാന്‍ മോദിക്കായി. എന്നാല്‍ 2019ല്‍ തങ്ങളുടെ നൈരാശ്യം അകറ്റാന്‍ ഭിന്നതയില്‍ തന്നെ അഭയം തേടാനാണ് മോദി ജനങ്ങളെ ഉപദേശിക്കുന്നത്. 2014ല്‍ മോദി ഇന്ത്യക്ക് രക്ഷകനായിരുന്നു. ഭാവിയുടെ വാഗ്ദാനവുമായിരുന്നു. ഹിന്ദു നവോത്ഥാന നായകനായിരുന്നു. സാമ്പത്തിക പരിഷ്‌കര്‍ത്താവുമായിരുന്നു. എന്നാലിന്ന് മോദി വെറുമൊരു രാഷ്ട്രീയക്കാരനാണ്. പരാജിതനായ രാഷ്ട്രീയക്കാരന്‍. വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ പോലുമില്ലാത്ത നായകന്‍ എന്നാണ് ടൈം മാഗസിനിലെ ലേഖനം മോദിയെ വിലയിരുത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഇനിയുമൊരു അഞ്ച് കൊല്ലം കൂടി മോദിയുടെ നേതൃത്വം താങ്ങാന്‍ ആകുമോയെന്ന് ഈ ലേഖനം ചോദിക്കുന്നു. ആദ്യമായല്ല മോദി ടൈം മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെടുന്നത്. 2012ലും 2015ലും മോദിക്ക് അനുകൂലമായ ലേഖനങ്ങളായിരുന്നു ടൈം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. 10 വര്‍ഷക്കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായ മോദിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു 2012ലെ ലേഖനം. വിവാദങ്ങള്‍ ഉണ്ടാക്കുന്ന, അതിമോഹിയായ, സാമര്‍ഥ്യം ഉള്ള രാഷ്ട്രീയക്കാരനായും അവര്‍ മോദിയെ വിശേഷിപ്പിച്ചു. മോദി എന്നാല്‍ വ്യവസായം, പക്ഷെ, അദ്ദേഹത്തിന് ഇന്ത്യ ഭരിക്കാനാകുമോ? എന്നായിരുന്നു അന്നത്തെ കവറിന്റെ തലക്കെട്ട്. ‘വൈ മോദി മാറ്റേഴ്‌സ്’ എന്ന തലക്കെട്ടോടു കൂടിയാണ് 2015ലും ടൈം മോദിയെ കവര്‍ ചെയ്തത്. രണ്ടും മോദിയെ പുകഴ്ത്തുന്നതായിരുന്നു. അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ടൈം മാഗസിന്‍. നാല് വര്‍ഷത്തിന് ശേഷം മോദിയുടെ പ്രതിച്ഛായ കൂപ്പുകുത്തിയതിന് ഉദാഹരണം കൂടിയാണ് ടൈം മാഗസിന്റെ പുതിയലക്കം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2014ല്‍ സാമ്പത്തിക പുരോഗതി എന്ന വാഗ്ദാനം കൊണ്ട് മോദി അതിജീവിച്ചു. തൊഴിലവസരങ്ങളും വികസനവുമായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ നാവിന്‍ തുമ്പില്‍. എന്നാല്‍ അഞ്ച് വര്‍ഷ ഭരണത്തില്‍ മോദിയുടെ സാമ്പത്തിക മന്ത്രങ്ങളൊന്നും ഫലിച്ചില്ല. പകരം മതദേശീയതയുടെ വിഷവിത്ത് രാജ്യത്തുടനീളം വിതക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവര്‍ക്കും വികസനം എന്ന സ്വപ്‌നം വെടിഞ്ഞ് സ്വന്തം സാമൂഹിക-മതഭിന്നതകളില്‍ ജീവിതം കഴിച്ചുകൂട്ടാനാണ് മോദി ഭരണം ഇന്ത്യന്‍ ജനതക്ക് വഴികാട്ടിയായതെന്നും ടൈം മാസികയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആതീഷ് തസീര്‍ ആണ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തി ടൈമില്‍ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മുന്‍ രാഷ്ട്രീയ നേതാവ് സല്‍മാന്‍ തസീറിന്റെയും ഇന്ത്യയിലെ പത്ര പ്രവര്‍ത്തകയായ തവ്‌ലീന്‍ സിംഗിന്റെയും മകനാണ് ആതിഷ് തസീര്‍.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്തെ മതേതരത്വവുമായി താരതമ്യം ചെയ്താല്‍ മോദി ഭരണകാലത്ത് സാമൂഹിക സമ്മര്‍ദത്തിലേക്ക് രാജ്യം മാറിയെന്നും പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന് ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

പ്രധാനമന്ത്രി എന്ന നിലയിലുള്ള മോദിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഇതിനു മുമ്പും ലോകത്തെ പ്രമുഖ മാധ്യമങ്ങള്‍ നടത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ഗൗരവതരമായ വിമര്‍ശനങ്ങള്‍ മോദിക്ക് തിരുത്താനുള്ള മനോഭാവം ഉണ്ടാക്കിയിട്ടില്ല. തിരുത്തേണ്ടത് തിരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടായില്ല. രാജ്യത്തെ ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഹീനമായ നീക്കങ്ങള്‍ ഇപ്പോഴും രാജ്യത്തെ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു.

അഡ്വ. ജി സുഗുണന്‍