യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലട ബസ് ഉടമ പോലീസില്‍ ഹാജരായി

Posted on: April 25, 2019 4:56 pm | Last updated: April 25, 2019 at 10:08 pm

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ ഉടമ സുരേഷ് കല്ലട പോലീസില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് ഹാജരായത്. വൈകീട്ട് നാലോടെ ഹാജരായ ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

രണ്ടു ദിവസം മുമ്പ് തന്നെ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഹാജരാകാതിരിക്കുകയായിരുന്നു. എന്നാല്‍, അടിയന്തരമായി ഹാജരാകണമെന്ന് കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ സുരേഷിന്‌ നില്‍ക്കക്കള്ളി ഇല്ലാതാവുകയായിരുന്നു.

ബസ് കേടായി വഴിയില്‍ കിടന്നതിനെ തുടര്‍ന്ന് യാത്രക്ക് പകരം സംവിധാനമൊരുക്കാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് ബസ് ജീവനക്കാര്‍ കയര്‍ക്കുകയും പിന്നീട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ മുമ്പ് കല്ലട ബസിലെ യാത്രക്കിടെയുണ്ടായ ദുരനുഭവങ്ങള്‍ പലരും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയും ചെയ്തു.