കല്ലാംകുഴി ഇരട്ടക്കൊല കേസ്: അടുത്ത മാസം കോടതിയിൽ

Posted on: April 23, 2019 8:07 am | Last updated: April 23, 2019 at 8:07 am


പാലക്കാട്: കല്ലാംകുഴിയിലെ സുന്നി പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞിഹംസ എന്നിവരെ വധിച്ച കേസിൽ പ്രതികളായ 27 മുസ്‌ലിം ലീഗ് പ്രവർത്തകരെ വിചാരണ ചെയ്യുന്ന കേസ് അടുത്ത മാസം ജില്ലാ കോടതിൽ പരിഗണനക്ക് വരും.

ഈ മാസം 16 ന് കേസ് വിളിച്ചെങ്കിലും ജഡ്ജി ലീവായതിനാൽ അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണ് കല്ലാംകുഴി കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾക്ക് വേഗം കൈവന്നത്. 2013 നവംബർ 20 നാണ് സുന്നി പ്രവർത്തകരായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞിഹംസ എന്നിവരെ കല്ലാംകുഴിയിൽ വെച്ച് ലീഗുകാരായ 27 പേർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

27ഉം 36 ഉം വെട്ടോടെയാണ് ഇവരെ കൊലപ്പെടുത്തിയത്. എന്നാൽ സംഭവം നടന്നത് മുതൽ തന്നെ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് യു ഡി എഫ് സർക്കാർ സ്വീകരിച്ചത്. പ്രതികൾക്ക് ജാമ്യം കിട്ടാൻ വേണ്ടി മാത്രം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് 93 ദിവസത്തേക്ക് വൈകിക്കുകയായിരുന്നു. തുടർന്ന് സാക്ഷികളെ ഭീഷണിപ്പെടുത്തിയും മരണപ്പെട്ടവരുടെ ഖബറിടം സന്ദർശിക്കാൻ വരുന്നവരെ ആക്രമിച്ചും പ്രതികൾ കല്ലാംകുഴിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പരാതി നൽകിയിട്ടും പോലീസ് അന്ന് നടപടിയെടുത്തില്ല. ഒന്നാം പ്രതിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിദ്ദീഖിനെ മനഃപൂർവ്വം അറസ്റ്റ് ചെയ്യാതെ കേസ് ദുർബലപ്പെടുത്താനും പോലീസ് അന്ന് ശ്രമിച്ചു.

സുന്നി സംഘടനകളുടെയും കുടുംബത്തിന്റെയും നിരന്തരമായ ആവശ്യം കാരണം ആറ് മാസം കഴിഞ്ഞ് മാത്രമായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ യു ഡി എഫ് സർക്കാർ തയ്യറായത്. എന്നാൽ രാഷ്ട്രീയ പ്രേരിത നിയമനം ആയതിനാൽ അദ്ദേഹം പിന്നീട് പിൻമാറുകയായിരുന്നു. കോടതിയിൽ കേസ് വന്നപ്പോഴെല്ലാം പല രേഖകളും നൽകാതെ വൈകിപ്പിച്ചു.

യു ഡി എഫ് ഭരണ കാലത്ത് കേസിന്റെ എല്ലാ നാൾവഴികളിലും രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ നിലവിൽ വന്നത് മുതലാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടായത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഉടനെ സർക്കാർ നിയമിച്ചു. ഇടതു സർക്കാർ വന്ന ശേഷം നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളെ അവിടെ നിന്നും മറ്റുള്ളവരെ പല സ്ഥലങ്ങളിൽ നിന്നുമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഒരു വർഷത്തിലേറെ ജയിലിലായിരുന്നു ഇവർ. കല്ലാംകുഴിയിൽ ശാന്തത കൈവന്നത് ഇടത് സർക്കാർ വന്നതിന് ശേഷമാണെന്ന് കൊല്ലപ്പെട്ടവരുടെ സഹോദര പുത്രൻ പള്ളത്ത് സുഹൈൽ വ്യക്തമാക്കുന്നു.