യുവാവ് യുഎസ്ബി ഡ്രൈവ് ഉപയോഗിച്ച് 35 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകള്‍ നശിപ്പിച്ചു

Posted on: April 19, 2019 2:40 pm | Last updated: April 19, 2019 at 2:40 pm

ന്യൂയോര്‍ക്ക്: യുഎസ്ബി ഡ്രൈവ് ഉപയോഗിച്ച് ഇന്ത്യന്‍ യുവാവ് ന്യൂയോര്‍ക്ക് കോളജിലെ 35 ലക്ഷത്തിലധികം രൂപയുടെ കമ്പ്യൂട്ടറുകള്‍ തകര്‍ത്തു. 27കാരനായ വിശ്വാനന്ദ് അകുത്തോട്ടയാണ് യൂനിവേഴ്‌സിറ്റിയിലെ 59 വിലപിടിച്ച കമ്പ്യൂട്ടറുകള്‍ കേടാക്കിയത്. യുഎസ്ബി കില്ലര്‍ എന്ന യുഎസ്ബി ഡിവൈസ് ഉപയോഗിച്ചാണ് വിദ്യാര്‍ഥി കമ്പ്യൂട്ടറുകള്‍ നശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുന്നത് ഇയാള്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. താന്‍ ഇവനെ കൊല്ലാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഓരോ കമ്പ്യൂട്ടറുകളും ഇയാള്‍ നശിപ്പിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഉപകരണങ്ങളുടെ പണം നല്‍കാമെന്ന് വിദ്യാര്‍ഥി സമ്മതിച്ചുവെങ്കിലും കോടതി ഇയാളെ ശിക്ഷിച്ചു. പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും രണ്ടര ലക്ഷം ഡോളര്‍ (17,349,100 ഇന്ത്യന്‍ രൂപ) പിഴയുമാണ് ശിക്ഷ വിധിച്ചത്.

കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന യുഎസ്ബി കില്ലര്‍ എന്ന ഡിവൈസ് ഓണ്‍ലൈനുകളില്‍ വരെ വില്‍പ്പനക്കുണ്ട്. ലീഗല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് ഈ ഉപകരണം. യുഎസ്ബി പവര്‍ ഉപയോഗിച്ച് ഈ ഉപകരണം ചാര്‍ജാകുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഇതോടെ കമ്പ്യൂട്ടറിന്റെ ബോര്‍ഡുകള്‍ കരിയും.