കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്ന് സ്യൂട്‌കേസിലാക്കി ഓടയില്‍ തള്ളി

Posted on: April 15, 2019 2:43 pm | Last updated: April 15, 2019 at 3:34 pm
അറസ്റ്റിലായ സുനിൽ കുമാർ

ഹൈദരാബാദ്: യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്‌കേസിലടച്ച് ഓടയില്‍ തള്ളി. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഗച്ചിബൗളിയിലെ ടിസിഎസ് സിനര്‍ജി പാര്‍ക്കിലെ സിസ്റ്റം എന്‍ജിനീയറായ ബി ലാവണ്യയാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ മറ്റൊരു കമ്പനിയില്‍ സ്ട്രക്ചറല്‍ എന്‍ജിനീയറായ സുനില്‍കുമാറി(25)നെ പോലീസ് അറ്‌സറ്റ് ചെയ്തു.

എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പഠനശേഷം ഇരുവര്‍ക്കും ജോലി ലഭിക്കുകയും ഇവര്‍ തമ്മിലുള്ള വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ സുനില്‍ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷേ ലാവണ്യ വിട്ടില്ല. നിരന്തര സമ്മര്‍ദത്തിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാള്‍ വിവാഹത്തിന് സമ്മതം മൂളി. ശേഷം തനിക്ക് മസ്‌ക്കത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ലാവണ്യയെ കൂടി കൂടെ അയക്കണമെന്നും ഇയാള്‍ വീട്ടുകാരരോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏപ്രില്‍ നാലിന് ഇരുവരെയും വീട്ടുകാര്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്തില്‍ കൊണ്ടുവിട്ടു.

എന്നാല്‍ വിമാനം ക്യാന്‍സലായെന്നും അതിനാല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജില്‍ താമസിച്ച് അടുത്ത ദിവസത്തെ ഫ്‌ളൈറ്റിന് പോകാമെന്നും ഇയാള്‍ ലാവണ്യയെ വിശ്വസിപ്പിച്ചു. പിന്നീട് എയര്‍പോര്‍ട്ടിന് സമീപം തന്നെ ലോഡ്ജില്‍ മുറിയെടുത്തു. ലോഡ്ജില്‍വെച്ച് വിവാഹം സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ സുനില്‍ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നീട് മൃതദേഹം സ്യൂട്‌കേസിലാക്കിയ ശേഷം ഓടയില്‍ തള്ളുകയായിരുന്നു.

ഈ മാസം ഏഴ് മുതല്‍ ലാവണ്യയെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ലാവണ്യയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.