Kerala
തട്ടിക്കൊണ്ട്‌പോയതല്ല, പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടിയതെന്ന് മുഹമ്മദ് റോഷന്‍

കൊല്ലം: ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട്‌പോയതായി പരാതിയുള്ള രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്റെ കൂടെ പോന്നതെന്ന് കേസിലെ മുഖ്യപ്രതി മുഹ്മദ് റോഷന്‍. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരും ആലോചിച്ച് എടുത്ത തീരുമാനമാണ് ഒളിച്ചോട്ടം. രണ്ട വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും പെണ്‍കുട്ടിക്ക് 18 വയസ്സായെന്നും മുംബൈയില്‍ പിടിയിലായ റോഷന്‍ പോലീസിനോട് പറഞ്ഞു. വീട്ടില്‍ വേറെ കല്യാണം ആലോചിച്ചതിനാലാണ് റോഷന്റെകൂടെ പോയതെന്ന് പെണ്‍കുട്ടി പറഞ്ഞു. ട്രെയിനില്‍ മംഗലാപുരത്ത് എത്തി ഒരു ദിവസം അവിടെ തങ്ങി. പിന്നീട് മറ്റൊരു ട്രെയിനില്‍ മുംബൈയിലേക്ക് പോകുകയായിരുന്നു. നാലു ദിവസമായി മുംബൈയില്‍ കഴിയുകയായിരുന്നു.
മുംബൈയില്‍ വന്ന ആദ്യത്തെ ദിവസം ഒരു ബസ്‌റ്റോപ്പിലാണ് കഴിഞ്ഞത്. ഇവിടെ പരിചയക്കാര്‍ ആരുമില്ലായിരുന്നു. പിന്നീട് പന്‍വേലില്‍ ഒരിടത്തേക്ക് താമസം മാറ്റി. അവിടെ വെച്ചാണ് പോലീസ് പിടികൂടിയതെന്ന് റോഷന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കേരളാ പോലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. കരുനാഗപ്പള്ളി അസി. കമീഷണറുടെ നേതൃത്വത്തിലും കൊല്ലം സിറ്റി പോലീസ് കമീഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് അന്വേഷണം നടന്നിരുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് റോഷനെതിരെ കേസെടുത്തിരുന്നത്. കൊല്ലം സിറ്റി പൊലീസിന്റെയും കരുനാഗപ്പള്ളി പൊലീസിന്റെയും രണ്ടു സംഘങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി മഹാരഷ്ട്രയിലുണ്ടായിരുന്നു.