വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിച്ചാല്‍ 10,000 ദിര്‍ഹം പിഴ

Posted on: March 24, 2019 1:10 pm | Last updated: March 24, 2019 at 1:10 pm

അബുദാബി : പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുന്ന മൃഗങ്ങളെ കൈകര്യം ചെയ്യുന്നതോ,വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കും വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്കും 10,000 ദിര്‍ഹം വരെ പിഴ ഈടാക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 2012 ലെ അനിമല്‍ കണ്ട്രോള്‍ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് അനുസരിച്ചാണ് പിഴ ചുമത്തുക.

പൊതുജനാരോഗ്യ വകുപ്പിലെ വെറ്റിനറി കണ്‍ട്രോള്‍ സെക്ഷന്‍ 2018 ലെ നാലാം തീരുമാനം അനുസരിച്ച്, മൃഗങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കല്‍ ആരംഭിച്ചതായി അബുദാബി മുനിസിപ്പാലിറ്റി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ വില്‍പ്പന നടത്തുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 3000 ദിര്‍ഹമാണ് പിഴ. കൂടാതെ അനുമതി ഇല്ലാതെ വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്കും, രോഗമുള്ള മൃഗങ്ങളെ വില്‍പ്പന നടത്തുന്നവര്‍ക്കും പിഴ ലഭിക്കും. ഉദ്യാനങ്ങള്‍, ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, അടച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും തുറന്ന സ്ഥലങ്ങളില്‍ ഉടമകള്‍ക്ക് മൃഗങ്ങളോടൊപ്പം സഞ്ചരിക്കാന്‍ നിയമം അനുവദിക്കുന്നതായും അബുദാബി മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു.