ഇശ്‌റത് ജഹാന്‍ കേസ്: മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചു

Posted on: March 19, 2019 11:46 pm | Last updated: March 20, 2019 at 11:09 am

അഹമദാബാദ്: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ മുന്‍ പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇശ്‌റതിനെയും മറ്റു മൂന്നുപേരെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസ് ഓഫീസര്‍മാരായ ഡി ജി വന്‍സാര, എന്‍ കെ അമീന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനാണ് അനുമതി നിഷേധിച്ചത്. സി ബി ഐയാണ് പ്രത്യേക കോടതി മുമ്പാകെ ഇക്കാര്യം അറിയിച്ചത്.

പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മുന്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരായ വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസ് മാര്‍ച്ച് 26ലേക്കു മാറ്റി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന വന്‍സാരയുടെയും അമീന്‍രെയും ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

2004 ജൂണ്‍ 15നാണ് ഇശ്‌റത് ജഹാന്‍, ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ. സീശാന്‍ ജോഹര്‍ എന്നിവരെ അഹമദബാദില്‍ വച്ച് പോലീസ് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി വെടിവച്ചുകൊന്നത്.