Kerala
മുനമ്പം മനുഷ്യക്കടത്ത് കേസ്: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. രാജ്യ സുരക്ഷയെ ബാധിക്കുന്ന സംഭവമായിട്ടും കേസ് എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയില്ലെന്ന് നേരത്തെ കോടതി സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി മുമ്പാകെ വരും. ജനുവരി 12നാണ് മുനമ്പം തീരത്തുനിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെപ്പേരെ ബോട്ടില്‍ വിദേശത്തേക്ക് കടത്തിയത്.
സംഭവത്തില്‍ ദയാമാത ബോട്ട് ഉടമകളില്‍ ഒരാളായ കോവളം സ്വദേശി അനില്‍ കുമാര്‍, ഡല്‍ഹി സ്വദേശികളായ പ്രഭു പ്രഭാകരന്‍, രവി സനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ലും മുനമ്പത്ത് നിന്നും 70 പേരെ ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തിന് പിന്നില്‍ എല്‍ടിടിഇ ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.