റഫാല്‍: രേഖകള്‍ ചോര്‍ത്തി പുറത്തുവിട്ടത് ശത്രുവിന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കി- കേന്ദ്രം

Posted on: March 13, 2019 6:54 pm | Last updated: March 13, 2019 at 9:53 pm

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നത് രാഷ്ട്ര സുരക്ഷയെ സംബന്ധിക്കുന്ന അതീവ പ്രാധാന്യമുള്ള രേഖകളാണെന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നിര്‍ണായക രേഖകള്‍ അനധികൃതമായി പകര്‍പ്പെടുത്ത് പരസ്യപ്പെടുത്തിയത് മോഷണമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കേന്ദ്രം അറിയിച്ചു. റഫാല്‍ വിമാനങ്ങളുടെ യുദ്ധശേഷി വെളിപ്പെടുത്തുന്നതാണ് രേഖകള്‍. അവ ശത്രുവിന് ലഭ്യമാകാന്‍ പുറത്തുവിട്ട വിവരങ്ങള്‍ സഹായിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഇടപാടുമായി ബന്ധപ്പെട്ട പുനപ്പരിശോധന ഹരജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്രം ഈ നീക്കം നടത്തിയത്. പുനപ്പരിശോധന ഹരജികളില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കവര്‍ന്ന രേഖകളാണ് ഹരജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു.