Connect with us

Articles

പൗരത്വ ബില്ലും ബി ജെ പിയുടെ വടക്കുകിഴക്കൻ അവസ്ഥയും

Published

|

Last Updated

വിവാദപരമായ പൗരത്വ (ഭേദഗതി) ബില്ലിനെ ചൊല്ലി രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ പുകയുന്ന അസ്വാസ്ഥ്യം പുതിയ ഘട്ടത്തിലേക്ക് കടന്നു. രാജ്യസഭയിൽ ചർച്ചക്കെടുക്കാതെ ബില്ല് അസാധുവായെങ്കിലും മേഖലയിൽ സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൗരത്വ ബിൽ അവിടെ വലിയ പ്രചാരണ വിഷയമാകും. ബില്ല് ലോക്‌സഭ ജനുവരി എട്ടിന് പാസ്സാക്കിയിരുന്നു. എന്നാൽ ഫെബ്രുവരി മൂന്നിന് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ബിൽ രാജ്യസഭയിൽ എത്തിയില്ല. സഭ പിരിഞ്ഞതോടെ ബിൽ അസാധുവാകുകയും ചെയ്തു.

ബില്ല് അസാധുവായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടന്നത്. പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും തെരുവുകളിൽ നൃത്തം വെച്ചും ജനങ്ങൾ ബില്ലിന്റെ പരാജയം ആഘോഷിച്ചു. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മക്കും അസം ഗണ പരിഷത്ത് (എ ജി പി) നേതാക്കൾക്കും ജനങ്ങൾ രാജകീയ സ്വീകരണമാണ് നൽകിയത്. ബില്ലിനെ എതിർത്ത് മേഘാലയയിലെ ദേശീയ ജനകീയകക്ഷി (എൻ പി പി) യുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ നേരത്തെ പ്രമേയം പാസ്സാക്കിയിരുന്നു. രാജ്യസഭയിൽ ബില്ല് പാസ്സാക്കുന്നുവെങ്കിൽ ബി ജെ പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം (എൻ ഡി എ) വിടുമെന്ന് സാംഗ്മയുടെ നേതൃത്വത്തിലുള്ള എൻ പി പി മുന്നറിയിപ്പും നൽകിയിരുന്നു.
മിസോറാം മുഖ്യമന്ത്രി സോറംതാംഗയും ബില്ലിനെതിരായ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ട്. പത്ത് പ്രാദേശിക പാർട്ടികളെ അണിനിരത്തി ബില്ലിനെതിരെ ഐക്യമുന്നണി രൂപവത്കരിക്കാൻ സാംഗ്മയുമായും എ ജി പി നേതാക്കളുമായും അദ്ദേഹം കൈകോർത്തു. ബില്ല് അസാധുവായതിന്റെ ആശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു മേഖലയിൽ തദ്ദേശീയരുടെ ആഹ്ലാദപ്രകടനം. എന്നാൽ ആഘോഷത്തിന് അധികം ആയുസ്സുണ്ടായില്ല. കേന്ദ്രത്തിൽ ബി ജെ പി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ എത്തുന്നുവെങ്കിൽ ബിൽ വീണ്ടും അവതരിപ്പിക്കുമെന്ന ശപഥം ചെയ്തിരിക്കുകയാണ് പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയിൽ ബിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബിൽ പാസ്സായില്ലെങ്കിൽ അസാം ജനത വലിയ അപകടത്തിലാവുമെന്നാണ് അമിത് ഷായുടെ വാദം. ഈ വാദത്തിന്റെ അടിസ്ഥാനം സംഘ്പരിവാറിന്റെ ഹിന്ദുത്വ കാര്യപരിപാടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അസാമിൽ തങ്ങൾക്ക് അനുകൂലമായി ഹിന്ദുത്വ വോട്ടുബേങ്ക് സൃഷ്ടിച്ചെടുക്കുക എന്ന ഹീനമായ സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണ് പൗരത്വ ബില്ലെന്നത് പകൽ പോലെ വ്യക്തമാണ്. 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ജൈനൻമാർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.
വർഗീയമായ ലക്ഷ്യങ്ങളോടെ അവതരിപ്പിക്കുന്ന പൗരത്വ ബിൽ ഭരണഘടനാ വിരുദ്ധം മാത്രമല്ല, 1971 മാർച്ച് 24ന് ശേഷം ഇന്ത്യയിലെത്തിയ അനധികൃത കുടിയേറ്റക്കാരെ മുഴുവൻ മതപരിഗണന കൂടാതെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന അസാം കരാറിലെ അഞ്ചാം വകുപ്പിന്റെ ലംഘനം കൂടിയാണ്. പൗരത്വ ബില്ലിന്റെ പിന്നിലെ രഹസ്യ കാര്യപരിപാടി അസാമിലെ ബി ജെ പി മന്ത്രി ഹിമന്ത ബിശ്വ സർമ തന്നെ പുറത്തുവിട്ടിരിക്കുന്നു. അനധികൃതമായി കുടിയേറിയ എട്ടിനും ഒമ്പത് ലക്ഷത്തിനുമിടയിലുള്ള ഹിന്ദുക്കൾക്ക് പൗരത്വ ബിൽ ഗുണകരമാകുമെന്നാണ് അദ്ദേഹം പറയുന്നത്. അനധികൃത ഹിന്ദു കുടിയേറ്റക്കാരിൽ അഞ്ച് ലക്ഷം പേർ അസാമിലാണ്. സംസ്ഥാനത്തെ 17 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ ജയം തീരുമാനിക്കുന്നതിൽ പൗരത്വം ലഭിക്കുന്ന ഇവർ നിർണായക പങ്ക് വഹിക്കും. ഇവിടങ്ങളിൽ തങ്ങളുടെ സ്ഥാനാർഥികൾ വിജയിക്കുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. അനധികൃത ഹിന്ദു കുടിയേറ്റക്കാരെ “ജിന്നയുടെ പ്രത്യയശാസ്ത്ര”ത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് സർമ സമർഥിക്കുന്നത്. പൗരത്വ ബിൽ പാസ്സാക്കിയില്ലെങ്കിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാവുമത്രേ. ബി ജെ പിയുടെ ഗൂഢലക്ഷ്യങ്ങൾക്കെതിരെ വടക്കുകിഴക്കൻ മേഖലയിലെ തദ്ദേശീയ സാമുദായിക സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്.
അസാം പൗരൻമാർക്കും തദ്ദേശീയ ജനവിഭാഗങ്ങൾക്കും അസാം കരാറിലെ ആറാം വകുപ്പ് അനുസരിച്ച് സംരക്ഷണം നൽകുമെന്ന മോദി സർക്കാറിന്റെ വാഗ്ദാനം പ്രക്ഷോഭകരിൽ യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല. മോദി സർക്കാർ കേന്ദ്രത്തിൽ വീണ്ടും ഭരണത്തിൽ എത്തിയാൽ പൗരത്വ ബിൽ അവതരിപ്പിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി. ബി ജെ പി നിലപാടിൽ പ്രതിഷേധിച്ച് മേഘാലയയിലെ എൻ പി പി നേതൃത്വത്തിലുള്ള ഭരണസഖ്യത്തിലെ പ്രധാന ഘടകക്ഷിയായ ഐക്യ ജനാധിപത്യ പാർട്ടി (യു ഡി പി), വടക്കുകിഴക്കൻ ജനാധിപത്യ സഖ്യം (എൻ ഇ ഡി എ) വിട്ട് കഴിഞ്ഞു. പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് എൻ ഇ ഡി എ വിടുന്ന രണ്ടാമത്തെ കക്ഷിയാണ് യു ഡി പി. നേരത്തേ എ ജി പി, സഖ്യം വിടുകയും ബി ജെ പി നേതൃത്വം നൽകുന്ന അസാം മന്ത്രിസഭയിൽ നിന്ന് മന്ത്രിമാരെ പിൻവലിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് മുക്ത വടക്കുകിഴക്കൻ മേഖല എന്ന ലക്ഷ്യം മുൻനിർത്തി ബി ജെ പി മുൻകൈയെടുത്ത് പ്രാദേശിക പാർട്ടികളെ അണിനിരത്തി സംഘടിപ്പിച്ചതാണ് എൻ ഇ ഡി എ.

എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ വടക്കുകിഴക്കൻ മേഖല ബി ജെ പി മുക്തമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസാം മുഖ്യമന്ത്രി സർബാനന്ദ സോനേവാളും തദ്ദേശീയ സമുദായങ്ങൾക്ക് അന്യരാണ്. അമിത് ഷായുടെ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് പ്രഖ്യാപനമായി തള്ളാൻ പ്രക്ഷോഭകർ തയ്യാറല്ല.
പ്രക്ഷോഭത്തെ ഷാ അപമാനിച്ചുവെന്ന് നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എൻ ഇ എസ് ഒ) ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനാവില്ലെന്നാണ് സംഘടനയുടെ നിലപാട്. ഖാസി വിദ്യാർഥി യൂനിയൻ, അഖില അസാം വിദ്യാർഥി യൂനിയൻ, നാഗാ വിദ്യാർഥി ഫെഡറേഷൻ, മിസോ സിർലായ് പാൾ, ത്രിപുര വിദ്യാർഥി ഫെഡറേഷൻ, അഖില മണിപ്പൂർ വിദ്യാർഥി യൂനിയൻ, ഗാരോ വിദ്യാർഥി യൂനിയൻ, അഖില അരുണാചൽ പ്രദേശ് വിദ്യാർഥി യൂനിയൻ എന്നിവ അടങ്ങിയതാണ് എൻ ഇ എസ് ഒ.
അഖില അസാം വിദ്യാർഥി യൂനിയനും മറ്റ് 30 വംശീയ സമുദായ സംഘടനകളും പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണ്. അത് നാൾക്കുനാൾ ശക്തി പ്രാപിക്കുന്നുമുണ്ട്. ബംഗ്ലാദേശിൽ നിന്നെത്തിയ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകിയാൽ തങ്ങൾ ന്യൂനപക്ഷമാകുമെന്നാണ് തദ്ദേശസമുദായങ്ങളുടെ ആശങ്ക. തങ്ങളുടെ സവിശേഷമായ വംശീയ സംസ്‌കാരങ്ങൾക്ക് വലിയ കോട്ടം തട്ടുമെന്ന് അവർ കരുതുന്നു. അസാമിലെ തദ്ദേശ ജനത ബംഗ്ലാദേശിൽ നിന്നെത്തിയ ഹിന്ദുക്കളുമായി ഐക്യപ്പെടണമെന്നാണ് ബി ജെ പി ആഗ്രഹിക്കുന്നത്. ഈ മോഹം അധികാരലബ്ധിയുമായി ബന്ധപ്പെട്ടതാണ്.
പൗരത്വ ബില്ലിനെതിരെ ശബ്ദമുയർത്തുന്നതിന്റെ ഭാഗമായി അഖില അസാം വിദ്യാർഥി യൂനിയൻ കോൺഗ്രസിന്റെ സഹായം തേടിയിട്ടുണ്ട്. ബില്ലിനെതിരെ കോൺഗ്രസ് പാർലിമെന്റിന് അകത്തും പുറത്തും ശബ്ദമുയർത്തിയത് വലിയൊരു വിഭാഗം ജനങ്ങളെ ആ പാർട്ടിയുമായി അടുപ്പിച്ചു എന്നത് യാഥാർഥ്യം മാത്രമാണ്. മേഘാലയയെ കൂടാതെ മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ സർക്കാറുകളും ബില്ലിനെതിരെ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. മണിപ്പൂരിൽ ബി ജെ പി നേതൃത്വം നൽകുന്ന സഖ്യസർക്കാർ ബില്ലിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നഭ്യർഥിച്ച് പ്രമേയം പാസ്സാക്കി. ബില്ലിൽ പ്രതിഷേധിച്ച് പ്രമുഖ സിനിമാ സംവിധായകൻ അരിബെൻ ശ്യാം ശർമ പദ്മശ്രീ അവാർഡ് സർക്കാറിന് തിരിച്ച് നൽകി. മിസോറാമിൽ ഐസ്വാളിലെ തെരുവുകളിലൂടെ മാർച്ച് ചെയ്ത ആയിരക്കണക്കിന് പ്രതിഷേധക്കാർ “ഹലോ ചൈന, ബൈ ബൈ ഇന്ത്യ” എന്നെഴുതിയ പ്ലക്കാർഡുകളാണ് വഹിച്ചത്. ഇത് നൽകുന്ന ആപത്‌സൂചന മോദി സർക്കാറിന് മനസ്സിലാവുന്നുണ്ടോ ആവോ.
മിസോറാമിലെ ഈ വർഷത്തെ റിപ്പബ്ലിക് ദിനപരിപാടി ജനങ്ങൾ ബഹിഷ്‌കരിച്ചു. വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബന്ദ് നടന്നു. ത്രിപുരയിൽ ബന്ദിന് ബി ജെ പി തദ്ദേശീയ സഖ്യകക്ഷിയായ ഐ പി എഫ് ടിയുടെ പിന്തുണയുണ്ടായിരുന്നു. അവിടെ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. പശ്ചിമ ത്രിപുര ജില്ലയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവെച്ചതിൽ ആറ് പേർക്ക് പരുക്കേറ്റു. പലർക്കും പിന്നിൽ നിന്നായിരുന്നു വെടിയേറ്റത്. പ്രതിഷേധക്കാർ 20 കടകൾ കത്തിച്ചു. വെടിവെപ്പിനെ തുടർന്ന് ബി ജെ പിക്കകത്തും അമർഷം പുകയുന്നുണ്ട്. വെടിവെപ്പിനെ കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അസാമിലെ പ്രമുഖ ബുദ്ധിജീവിയായ ഡോ. ഹിരൺ ഗോഹെയിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്. ഗുവാഹത്തിയിൽ ജനുവരി 7ന് നടന്ന പ്രതിഷേധറാലിയിൽ “സ്വതന്ത്ര അസാം” ആവശ്യത്തെ പിന്തുണച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. പോലീസിന്റെ ആരോപണം ഗോഹെയിൻ നിഷേധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാണ് പോലീസ് ആരോപണം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

പൗരത്വ ബില്ല് വഴി സംഘ്പരിവാറിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കാനുള്ള വ്യഗ്രത മേഖലയിൽ ബി ജെ പിയെ ഒറ്റപ്പെടുത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ കൃഷക് മുക്തി സംഗ്രാം സമിതി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ബി ജെ പി ബാന്ധവം ഉപേക്ഷിക്കാൻ പ്രാദേശിക കക്ഷികളുടെ നേതാക്കൾക്ക് മേൽ ശക്തമായ സമ്മർദമുണ്ട്. ഏതായാലും വടക്കുകിഴക്കൻ മേഖലയിലെ കോൺഗ്രസ് വിരുദ്ധ മുന്നണിക്ക് ഇന്ന് വലിയ പ്രസക്തിയില്ല. എൻ ഇ ഡി എ ദുർബലമായതോടെ വടക്കുകിഴക്കൻ കോൺഗ്രസ് ഏകോപന സമിതിക്ക് പുതുജീവൻ നൽകാൻ കോൺഗ്രസിന് അവസരം ഒരുങ്ങിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്. അഖില അസാം വിദ്യാർഥി യൂനിയൻ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തേ തന്നെ ചർച്ച നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തനിച്ച് മത്സരിക്കുന്നുവെങ്കിൽ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കാൻ ഇടയില്ലെന്ന് രാഷ്ട്രീയ നിരീക്ഷ കർ കരുതുന്നു. ഇപ്രകാരം പാർട്ടി ഒറ്റപ്പെട്ട് പോയത് അടിസ്ഥാന യാഥാർഥ്യത്തിന് നേരെ കണ്ണടച്ചത് കൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്തായാലും പൗരത്വ ബിൽ പൊടിതട്ടി വീണ്ടും പുറത്തിറക്കുന്നുവെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭാഗ്നി ആളിപ്പടരുമെന്ന് ഉറപ്പാണ്. കേന്ദ്ര വിരുദ്ധ വികാരം നേരത്തേ തന്നെ ശക്തമായ മേഖലയിൽ അത് പുതിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്‌തേക്കാം.

കുന്നത്തൂർ രാധാകൃഷ്ണൻ