Connect with us

Prathivaram

ദേശത്തിന്റെ വൈദ്യര്‍

Published

|

Last Updated

Lest I may not present a vexer or a nuisance,
With silent steps I wander on the wayside,
Stretching a helping hand to the penurious sufferer.

മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് ചികിത്സാരംഗത്തേക്ക് പ്രവേശിക്കുന്ന ഡോക്ടർമാർക്ക് സമൂഹം കൽപ്പിക്കുന്ന വില വലുതാണ്. മറ്റേതൊരു തൊഴിലിനും കിട്ടാത്ത തരത്തിൽ ജനങ്ങൾക്കിടയിൽ ആദരവ് നേടിയെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നത് അതിലടങ്ങിയ സേവനതത്പരതയാണ്. എന്നാൽ, വർത്തമാനകാല സാഹചര്യം ഇതിനോട് പൊരുത്തപ്പെടുന്നുണ്ടോ എന്നത് പുനരാലോചിക്കേണ്ടതുണ്ട്. ഹൈടെക് ഹോസ്പിറ്റൽ സംവിധാനവും ബിരുദവും ബിരുദാനന്തര ബിരുദങ്ങളും ഉപരിപഠനങ്ങളും കഴിഞ്ഞെത്തുന്ന വില കൂടിയ ഡോക്ടർമാരുടെ ആധിക്യമുള്ള ഇക്കാലത്ത് സേവന തത്പരതയിൽ മാത്രം ഊന്നുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടുകളും ചിന്തകളും കൊണ്ട് കർമപഥത്തിൽ ജനസേവനത്തിന്റെ മഹനീയ മാതൃക വെട്ടിത്തുറന്ന അപൂർവം ഡോക്ടർമാരിൽ ഒരാളാണ് കിഴക്കൻ ഏറനാടിന്റെ സിരാ കേന്ദ്രങ്ങളിൽ ഒന്നായ വണ്ടൂരിൽ എഴുപത്തിയേഴാം വയസ്സിലും ചികിത്സാരംഗത്ത് കർമനിരതനായ കരീം ഡോക്ടർ. വണ്ടൂരിന്റെ പ്രാന്തപ്രദേശത്തുള്ളവർക്കും കിഴക്കൻ ഏറനാട്ടിലെ ഒട്ടുമിക്ക മലയോരവാസികൾക്കും കരീം ഡോക്ടർ അവസാന വാക്കാകുന്നതും അതുകൊണ്ടാണ്.

ഫീസ് രണ്ട് രൂപ മാത്രം!
വണ്ടൂരിലെ പഴക്കം ചെന്ന ബിസിനസ് കുടുംബമായ പെരികിൻചിറ പോക്കർ ഹാജിയുടെ നാലാമത്തെ മകനായി 1942 ജൂലൈ ഒന്നിനാണ് ജനനം. ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനമാണെന്ന യാദൃച്ഛികതയും അദ്ദേഹത്തിന്റെ ജനനത്തിനുണ്ട്. ഒരു ഡോക്ടർ താൻ ജനിച്ചു വളർന്ന ചുറ്റുപാടിൽ എന്തു തരം മാതൃകാ പ്രവർത്തനമാണ് നടത്തേണ്ടതെന്നതിനുള്ള സമഗ്ര മാതൃകയാണ് ഇദ്ദേഹം. പഠിച്ചിറങ്ങിയ വർഷം മുതൽ ഒരു രൂപാ ഫീസിന് രോഗികളെ ചികിത്സിച്ചു തുടങ്ങിയ ഡോക്ടർ പിന്നീട് ഫീസ് വർധിപ്പിച്ചപ്പോൾ വെറും രണ്ട് രൂപയിൽ ഒതുക്കി. ദീർഘകാലം ചെറിയ ഫീസ് മാത്രം ഈടാക്കി വണ്ടൂരിൽ രോഗികളെ പരിശോധിച്ച കരീം ഡോക്ടർ, സാമൂഹിക പദവിക്കോ ധനസമ്പാദനത്തിനോയുള്ള മാർഗമായി സേവനത്തെ ഉപയോഗിച്ചിട്ടില്ല. ഒരു ഡോക്ടറുടെ ദൗത്യത്തിലടങ്ങിയ സേവനം എന്ന മാനവിക വികാരത്തോട് നൂറ് ശതമാനം നീതി പുലർത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ബാപ്പയും ഉമ്മയും നൽകിയ ഉപദേശവും ജീവിതസന്ദേശവും സാമ്പത്തിക ലാഭം എന്നതിനപ്പുറം മനുഷ്യസ്‌നേഹവും നിസ്സീമമായ ജീവകാരുണ്യവും മുറുകെ പിടിക്കുക എന്നായപ്പോൾ വണ്ടൂരിൽ സമാനതയില്ലാത്ത സേവന ദൂതുമായി നാട്ടുകാരുടെ കരീം ഡോക്ടർ പിറവിയെടുക്കുകയായിരുന്നു.
1970ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് എം ബി ബി എസ് പഠനം പൂർത്തിയാക്കിയത്. വണ്ടൂരിലും തൊട്ടടുത്ത പ്രദേശങ്ങളായ ചെറുകോട്, പൂളക്കൽ ഡിസ്‌പെൻസറികളിലുമായിരുന്നു പിന്നീട് കർമ മണ്ഡലം. പഠനം കഴിഞ്ഞ് കഴുത്തിൽ സ്റ്റെതും തൂക്കി ഡോക്ടറെത്തുന്ന കാലത്ത് നാട്ടിൽ റോഡുകളും വാഹനങ്ങളുമടക്കമുള്ള ഭൗതിക സാഹചര്യം അപര്യാപ്തമായിരുന്നു. പാവപ്പെട്ട രോഗികളുടെ വീട്ടിലേക്ക് കാൽനടയായി ചെന്ന് ചികിത്സയും സാന്ത്വനവും പരിചരണവും ഉറപ്പാക്കി മടങ്ങിയിരുന്ന ഡോക്ടറെ കുറിച്ച് നാട്ടുകാരും രോഗികളും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആദര മനോഭാവത്തിലടങ്ങിയ ഓർമകളും നല്ല വാക്കുകളും മാത്രം മതിയാകും ഈ ജനകീയ സേവനപാതയെ ധന്യമാക്കാൻ.
രോഗം പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കാനുള്ള കഴിവാണ് കരീം ഡോക്ടർ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായത്. ഒറ്റ നോട്ടത്തിൽ തന്നെ രോഗത്തിന്റെ അവസ്ഥ മാത്രമല്ല രോഗിയുടെ മനസ്സും വായിച്ചെടുക്കുന്ന ഡോക്ടർ പരിശോധനാ സമയത്ത് വാചാലനാകാറില്ല. പരിശോധനക്ക് കൂടുതൽ സമയം എടുക്കാറുമില്ല. പക്ഷേ, രോഗനിർണയത്തിൽ ഡോക്ടറുടെ കണ്ടെത്തൽ തന്നെയാവും അന്തിമ വിധി. പരിചയസമ്പന്നതയും കൂർമ നിരീക്ഷണവും മൂലം രോഗത്തിന്റെ മർമം വേഗത്തിൽ കണ്ടെത്തുന്നു എന്നതുകൊണ്ടു കൂടിയാവാം ഏതു രോഗത്തിനും വിദഗ്ധ ചികിത്സ തേടി മറ്റിടങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പായി കരീം ഡോക്ടറുടെ നിർദേശം തേടി രോഗികളും ബന്ധുക്കളും എത്തുന്നത്. മലബാറിൽ ഗൾഫ് ബൂം ഉണ്ടായ സവിശേഷ സാഹചര്യത്തിലും വിദേശത്തേക്ക് കടക്കാനുള്ള നിരവധി അവസരങ്ങൾ ഒത്തുവന്നപ്പോഴും ആ വഴിക്കൊന്നും പോകാതെ നാട്ടുകാർക്കിടയിൽ തന്നെ കുറഞ്ഞ ഫീസ് മാത്രം ഈടാക്കി ചികിത്സാരംഗത്തും കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചും സേവനത്തിന്റെ ജനകീയപാത വെട്ടിത്തുറക്കുകയായിരുന്നു കരീം ഡോക്ടർ.

40ാം വയസ്സിൽ കാൻസർ രോഗി
നിരന്തര പുകവലിക്കാരനായിരുന്ന ഭൂതകാലം ഡോക്ടർക്കുണ്ട്. അത് 40ാം വയസ്സിൽ തൊണ്ടയിലെ കാൻസറായി പരിണമിച്ചു. നാട്ടുകാർക്ക് വലിയൊരു ദുഃഖവാർത്തയായിരുന്നു അത്. എന്നാൽ, നിശ്ചയദാർഢ്യം ഊർജമാക്കി കാൻസർ എന്ന വില്ലനെ നൂറ് ശതമാനവും കീഴടക്കുക മാത്രമല്ല, പുകവലിയോട് വിട പറയുകയും ചെയ്ത ഡോ. കരീം ജീവിതത്തിനുതന്നെ പുതിയ അധ്യായം എഴുതിച്ചേർത്തു. അങ്ങനെയാണ് ഏറനാട്ടിൽ തന്നെ ആദ്യത്തെ കാൻസർ നിവാരണ ചികിത്സക്ക് തുടക്കമെന്നോണം, 2000ൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി വണ്ടൂരിൽ അദ്ദേഹം ആരംഭിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ സമയത്തിന്റെ ഏറിയ പങ്കും ഡോക്ടർ ഈ രംഗത്താണ് ചെലവഴിച്ചത്. ജില്ലയുടെ പല ഭാഗത്തു നിന്നും കാൻസർ പിടിപെട്ട നൂറുകണക്കിന് രോഗികൾക്കാണ് ഈ സ്ഥാപനം അഭയവും ആശ്വാസവുമേകിയത്. ഇരുന്നൂറോളം കാൻസർ രോഗികളുടെ രോഗം ഭേദമാക്കാൻ ഡോക്ടർക്ക് സാധിച്ചു.
2011ൽ 10 വിദ്യാർഥികളുമായി വണ്ടൂരിൽ തുടക്കം കുറിച്ച ആശ്രയ സ്‌കൂൾ, ഭിന്നശേഷിക്കാരും അംഗപരിമിതരുമായ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട കുട്ടികൾക്ക് എല്ലാ അർഥത്തിലും സമ്പൂർണ ആശ്രയ കേന്ദ്രമായി ദ്രുതഗതിയിൽ വികസിച്ചു. ഇപ്പോൾ 60 ഓളം കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ജീവിതത്തിൽ പ്രതീക്ഷകളുടെ ഉല്ലാസപ്പൂത്തിരികൾ പ്രകാശിക്കുന്നുവെങ്കിൽ, കരീം ഡോക്ടറുടെ സേവനപാതയിലെ രജതരേഖയാണത്. 2006ൽ വണ്ടൂരിൽ പ്രവാസികളും മറ്റും ആരംഭിച്ച നിംസ് ഹോസ്പിറ്റലിന്റെ ഫൗണ്ടർ ഓണററി ചെയർമാൻ സ്ഥാനവും വഹിക്കുന്നുണ്ട് അദ്ദേഹം.

ഇംഗ്ലീഷ് കവിത അവതരിപ്പിക്കാൻ അമേരിക്കയിലേക്ക് ക്ഷണം
ശാരീരിക അവശതകൾ വകവെക്കാതെ ചികിത്സാരംഗത്ത് ഇപ്പോഴും ഊർജസ്വലനായ ഡോക്ടറിൽ അധികമാരും അറിഞ്ഞിട്ടില്ലാത്ത സർഗാത്മക വാസനകളും ഒളിഞ്ഞിരിപ്പുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്ത മൂന്ന് വരി, കരീം ഡോക്ടർ 2001ൽ എഴുതിയ മൈ ലൈഫ് എന്ന ഇംഗ്ലീഷ് കവിതയിൽ നിന്നുള്ളതാണ്. ഒരു കാലത്ത് കവിതയെഴുത്തിലും കഥകളോടടുക്കുന്ന രീതിയിലുള്ള അനുഭവക്കുറിപ്പുകൾ എഴുതുന്നതിലും തത്പരനായിരുന്നു. പത്ത് വർഷം മുമ്പ് കാൻസർ പിടിപെട്ട് ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ കുറിച്ചുള്ള ഓർമ പങ്കുവെക്കുന്ന “വിടപറയും മുമ്പേ” എന്ന കുറിപ്പ് ഡോക്ടറുടെ സർഗാത്മകതയുടെ നിദർശനമാകുന്നു. ഇത്തരം അനുഭവങ്ങൾക്ക് ഇംഗ്ലീഷ് ഭാഷ്യം നൽകിയതും കാൻസർ പ്രതിവിധിയെ കുറിച്ചെഴുതിയ ഒരു സമാഹാരം തിക്കോടിയൻ പ്രകാശനം ചെയ്തതുമൊക്കെ ഡോക്ടറുടെ ജീവിതത്തിലെ അധികമൊന്നും അറിയപ്പെടാത്ത ഏടുകളാണ്. ഇംഗ്ലീഷ് കവിത അവതരിപ്പിക്കാൻ അമേരിക്കയിലേക്ക് ക്ഷണം കിട്ടിയിട്ട് പോകാൻ കഴിയാതിരുന്നത് ഡോക്ടറുടെ സ്വകാര്യ ദുഃഖമാണ്. ജനകീയ ഡോക്ടർ എന്നതിനപ്പുറം ഒരു ബഹുമുഖ പ്രതിഭ കൂടിയായ ഡോ. പി അബ്ദുൽ കരീം, വണ്ടൂരിന്റെ നന്മയുടെ പ്രതീകമായി ഒരു മാതൃകാ മനുഷ്യനായി ജീവിതയാത്രയെ സാർഥകമാക്കി നാട്ടുകാർക്ക് പ്രതീക്ഷയുടെ തുരുത്തായി എളിമയോടെയും ലാളിത്യത്തോടെയും സേവനമാർഗത്തിൽ തന്നെയാണിപ്പോഴും. ഖദീജയാണ് ഭാര്യ. യൂനുസ്, ഉമൈസ്, ഇബ്‌സുർറഹ്മാൻ (ബി ഡി എസ്), ജമാൽ എന്നിവരാണ് മക്കൾ.
.

Latest