പത്തനംതിട്ട; പട ജയിക്കുന്നതാര്?

മണ്ഡല പര്യടനം-പത്തനംതിട്ട
Posted on: March 9, 2019 4:57 pm | Last updated: March 9, 2019 at 4:57 pm


ശബരിമല യുവതീ പ്രവേശന വിധിയെ തുടർന്ന് ദേശീയ രാഷ്‌ട്രീയത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. മഹാപ്രളയം കടപുഴക്കിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലം. പ്രളയക്കെടുതിയിൽ നിന്ന് കരകയറുമ്പോഴും രാഷ്‌ട്രീയ പോരാട്ടത്തിൽ മണ്ഡലത്തിൽ നിന്ന് ആര് കരകയറുമെന്ന കാത്തിരിപ്പാണിനി. പ്രളയത്തെ അതിജീവിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ മുൻനിർത്തി കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ ശബരിമല യുവതീപ്രവേശം സജീവമാക്കി നിർത്തിയുള്ള പ്രചാരണമായിരിക്കും പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുക. തിരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവന്ന സർവേ ഫലങ്ങളും ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന സൂചനയാണ് നൽകുന്നത്.

അടൂർ, തിരുവല്ല, റാന്നി, ആറന്മുള. കോന്നി എന്നിവക്ക് പുറമെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെട്ട പത്തനംതിട്ട മണ്ഡലത്തിനു സ്വന്തമായി രണ്ട് തിരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. തുടർച്ചയായ രണ്ട് തവണയും മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയത് ആന്റോ ആന്റണിയാണ്. എ ഐ സി സി അംഗമായിരുന്ന പീലിപ്പോസ് തോമസിനെ കോൺഗ്രസ് പാളയത്തിൽ നിന്ന് അടർത്തിയെടുത്ത് എൽ ഡി എഫ് സ്വതന്ത്രനായി കഴിഞ്ഞ തവണ മത്സരിപ്പിക്കുകയായിരുന്നു.

വീണാ ജോര്‍ജ്

പീലിപ്പോസിന്റെ സ്ഥാനാർഥിത്വത്തിലൂടെ ആന്റോയുടെ ഭൂരിപക്ഷം പകുതി കണ്ട് കുറക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫിനായിരുന്നു ലീഡ്. 2016ലെ നിയസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള, തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങൾ എൽ ഡി എഫിന് വൻ ഭൂരിപക്ഷം നൽകി. കോന്നിയിലും കാഞ്ഞിരപ്പള്ളിയിലും മാത്രമേ യു ഡി എഫിന് വിജയിക്കാനായുള്ളൂ. യു ഡി എഫ് പക്ഷത്തുനിന്ന് മാറി സ്വതന്ത്രനായി മത്സരിച്ച പി സി ജോർജ് പൂഞ്ഞാറിൽ 27,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
പ്രാദേശിക വാദമുയർത്തി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉന്നയിച്ച അഭിപ്രായം മറികടന്ന് ആന്റോ ആന്റണി മൂന്നാം അങ്കത്തിനുള്ള തയ്യാറെടുപ്പിലാണ്. പത്തനംതിട്ട ഡി സി സി നൽകിയ പട്ടികയിൽ ആന്റോ ആന്റണിയുടെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന കെ പി സി സി യോഗത്തിൽ ഇതിനെ തുടർന്ന് പത്തനംതിട്ട ഡി സി സിക്കെതിരെ ശക്തമായ ഭാഷയിലാണ് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, ഹൈക്കമാൻഡിന്റെ പിന്തുണ ആന്റോക്കു തന്നെ എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. ജില്ലയിൽ നിന്നൊരാൾ സ്ഥാനാർഥിയാകണമെന്ന പ്രാദേശികവാദവുമായി ഡി സി സി രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അവർ ഇത് ഉന്നയിച്ചിരുന്നു.
ഇത്തവണ വോട്ട് സാമുദായികാടിസ്ഥാനത്തിൽ വിഭജിക്കപ്പെടാനുള്ള സാധ്യത ഇരുമുന്നണികളും മുന്നിൽക്കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ ആറന്മുള ഫോർമുല പരീക്ഷിക്കാനാണ് സി പി എം തീരുമാനം. എം എൽ എയും മാധ്യമ പ്രവർത്തകയുമായ വീണ ജോർജാണ്‌ എൽ ഡി എഫ് സ്ഥാനാർഥി.

ഏറെ സാധ്യതയുള്ള കേരളത്തിൽ നിന്ന് പരമാവധി സീറ്റ് ഒപ്പം നിർത്തുകയെന്ന നയമാണ് സി പി എം നേതൃത്വത്തിനുള്ളത്. മുമ്പ് പത്തനംതിട്ട കൂടി ഉൾപ്പെട്ടിരുന്ന ഇടുക്കി എം പിയായിരുന്ന കെ ഫ്രാൻസിസ് ജോർജിന് വേണ്ടി ജനാധിപത്യ കേരള കോൺഗ്രസ്, ജനതാദൾ എസ്, എൻ സി പി കക്ഷികൾ മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. മുൻ എം പിയും സോഷ്യലിസ്റ്റ് നേതാവുമായ തമ്പാൻ തോമസിനെ മത്സരിപ്പിക്കണമെന്ന നിർദേശവും ഉണ്ടായി. ഇതെല്ലാം മറികടന്നാണ് സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന സി പി എം സംസ്ഥാന സമിതിയിൽ തീരുമാനമായത്.

ബി ജെ പിയുടെ വോട്ട് നില ഉയർന്നുവെന്നത് മുന്നണികളെ അസ്വസ്ഥമാക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും കൂടി ബി ഡി ജെ എസ് പിന്തുണയോടെ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണി നേടിയത് 1,91,576 വോട്ടാണ്. വോട്ട് വർധനക്കൊപ്പം ശബരിമല വിഷയം അനുകൂലമാകുമെന്നാണ് ബി ജെ പി വിലയിരുത്തൽ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരെ ഇതിനകം മണ്ഡലത്തിലെത്തിച്ചിരുന്നു. പൊതുസമ്മതനായ സ്ഥാനാർഥിയെ അവതരിപ്പിക്കാനുള്ള നീക്കത്തിൽ ബി ജെ പി നേതാക്കൾ രണ്ടുതട്ടിലാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് തന്നെയാണ് പാർട്ടിയിൽ മുൻതൂക്കം. കെ സുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ എം ടി രമേശിന് ഒരു തവണകൂടി പത്തനംതിട്ടയിൽ അവസരം നൽകിയേക്കും.
ശബരിമല വിഷയത്തിൽ നിന്ന് യു ഡി എഫിന് നേട്ടം കൊയ്യണമെങ്കിൽ എൻ എസ് എസിന് അഭിമതനായ ആളെ നിർത്തേണ്ടതുണ്ട്. അതിന്റെ പേരിൽ സഭകളെ വെറുപ്പിക്കാനുമാകാത്ത സ്ഥിതിയാണ് യു ഡി എഫിന്.