Connect with us

Kozhikode

എളമരം കടവില്‍ ₹35 കോടിയുടെ പാലമുയരും; മന്ത്രി കെടി ജലീല്‍ തറക്കല്ലിട്ടു

Published

|

Last Updated

ചാലിയാർ പുഴക്ക് കുറുകെ നിർമിക്കുന്ന എളമരംകടവ് പാലത്തിന്റെ ശിലാസ്ഥാപന കർമം മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിക്കുന്നു

എടവണ്ണപ്പാറ: മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ നിർമിക്കുന്ന എളമരംകടവ് പാലത്തിന് ശിലയിട്ടു. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് ₹35 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന കർമം മന്ത്രി ഡോ. കെ ടി ജലീൽ നിർവഹിച്ചു. ടി വി ഇബ്‌റാഹീം എം എൽ എ അധ്യക്ഷത വഹിച്ചു. 35 മീറ്ററിൽ 10 സ്പാനുകളായി ഇന്റഗ്രേറ്റഡ് പ്രീസ്ട്രസ്സ്ഡ് സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന പാലത്തിന് 350 മീറ്റർ നീളവും 11.50 മീറ്റർ വീതിയുമുണ്ട്. വാഹന ഗതാഗതത്തിന് 7.50 മീറ്റർ വീതിയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും.

1.20 മീറ്റർ വ്യാസത്തിലുള്ള ആർ സി സി പൈൽ ഫൗണ്ടേഷനിൽ നിർമിക്കുന്ന പാലത്തിന് രണ്ട് മീറ്റർ വ്യാസത്തിൽ വൃത്താകൃതിയിൽ ഒമ്പത് പിയറുകൾ ഉണ്ടാകും. ഓവുപാലങ്ങൾ, ഓടകൾ, സംരക്ഷണ ഭിത്തികൾ, ലൈറ്റ് സജ്ജീകരണങ്ങൾ എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. കോഴിക്കോട്ടെ പ്രമുഖ കരാറുകാരായ പി ടി എസ് ഹൈടെക് പ്രൊജക്ട്‌സിനാണ് നിർമാണ ചുമതല. എം പി മാരായ എളമരം കരീം, ഇ ടി മുഹമ്മദ് ബശീർ, എം കെ രാഘവൻ സംസാരിച്ചു.