ആഘോഷം അതിരുവിട്ടു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌-VIDEO

  Posted on: March 5, 2019 3:12 pm | Last updated: March 5, 2019 at 3:59 pm

  എടത്വ: കോളജിലെ യാത്രയയപ്പ് പരിപാടിയില്‍ വിദ്യാര്‍ഥികളുടെ അതിരുവിട്ട ആഘോഷപ്രകടനം. ആലപ്പുഴയില്‍ കേളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോടിച്ച തുറന്ന ജീപ്പില്‍ നിന്ന്‌ രണ്ട് പേര്‍ തെറിച്ച് വീണു. എടത്വ സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ജീപ്പും കാറും ബൈക്കും ഓടിായിരുന്നു അപകടകരമായ രീതിയില്‍ കോളജ് ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ സാഹസികപ്രകടനം നടത്തിയത്.

  സംഭവത്തില്‍ ഏഴു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങളും പോലിസ് പിടിച്ചെടുത്തു.

  കോളേജിന്റെ അനുമതി ഇല്ലാതെയാണ് ഇത്തരമൊരു പ്രകടനം വിദ്യാര്‍ത്ഥികള്‍ നടത്തിയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയും വെള്ളിയാഴ്ചയുമായി കോളേജിലെ ബികോം വിദ്യാര്‍ത്ഥികളാണ് പരിപാടി നടത്തിയത്. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് പരിപാടി ആഘോഷമാക്കാനാണ് കോളേജിലേക്ക് വാനങ്ങള്‍ ഓടിച്ചു കയറ്റിയത്.

  എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ കയറുന്നതിനായി ഗേറ്റ് തുറന്നു കൊടുത്തപ്പോള്‍ വാഹനത്തിലുള്ളവര്‍ ക്യാമ്പസിനകത്തേയ്ക്ക് ഇടിച്ചു കയറ്റി. തുടര്‍ന്ന് ക്യാമ്പസിനകത്ത് റേസിംഗ് നടത്തുകയായിരുന്നു.

  തുറന്ന ജീപ്പില്‍ പരിധിയില്‍ കവിഞ്ഞ വിദ്യാര്‍ഥികളാണ് കയറിയിരുന്നത്. ജീപ്പില്‍ നിന്നും വീണ വിദ്യാര്‍ഥികള്‍
  തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതോടെ കോളജ്‌
  അധികൃതര്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും കോളജിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

  2015ലാണ് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ ഓണാഘോഷ പരിപാടികള്‍ക്കായി കൊണ്ടു വന്ന ജീപ്പ് ഇടിച്ച് കോളജ് വിദ്യാര്‍ഥിനി നിലമ്പൂര്‍ സ്വദേശി തസ്‌നി ബഷീര്‍ മരിക്കാന്‍ ഇടയായത്.

  വീഡിയോ കാണാം: