യുദ്ധോത്സുകത ആരെയാണ് സഹായിക്കുന്നത്?

Posted on: March 5, 2019 8:45 am | Last updated: March 5, 2019 at 10:58 am

യുദ്ധം സർവ പുരോഗതിയുടെയും സമൃദ്ധിയുടെയും മാതാവാണെന്നാണ് എല്ലാ ഫാസിസ്റ്റുകളും സാമ്രാജ്യത്വവാദികളും വിശ്വസിച്ചിരുന്നത്. ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം യുദ്ധത്തെ ആരാധിക്കുകയും ജനങ്ങളെയാകെ യുദ്ധ വാസനകളിൽ അഭിരമിക്കാൻ പഠിപ്പിച്ചിരുന്നവരുമായിരുന്നു. സമാധാനവും ജനാധിപത്യവുമെല്ലാം ദുർബലരുടെ പ്രത്യയശാസ്ത്രമാണെന്നായിരുന്നു ഫാസിസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നത്. തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെയും രാഷ്ട്രങ്ങളെയും യുദ്ധത്തിലൂടെ ഇല്ലാതാക്കി ലോകത്തെ ശ്രേഷ്ഠ വംശജരായവരുടെ മേധാവിത്വത്തിൻ കീഴിൽ കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്.

കുത്തക മൂലധനത്തിന്റെ അധിനിവേശവാഞ്ഛയും ഈയൊരു വംശീയ പ്രത്യയശാസ്ത്രവും ചേർന്നാണ് രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ചത്. കോടിക്കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും നഷ്ടപ്പെടുത്തിയ മഹായുദ്ധം. ഹിരോഷിമയും നാഗസാക്കിയും ആണവാഗ്‌നിയിൽ വെന്തെരിഞ്ഞ മഹായുദ്ധം. യൂറോപ്പിനെയും ലോകത്തെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള മൂലധനശക്തികളുടെ അധിനിവേശ താത്പര്യങ്ങളിൽ നിന്നാണ് ഹിറ്റ്‌ലറും മുസോളിനിയും ജപ്പാനിലെ ഹിരോഹിതചക്രവർത്തിയും ചേർന്ന് യുദ്ധം ആരംഭിക്കുന്നത്. 1939ൽ നാസി സേന പോളണ്ട് വഴി യൂറോപ്പിലേക്ക് കടന്നതും യുറോപ്പിനെയാകെ കീഴടക്കി സോവിയറ്റ് യൂനിയനെ വളഞ്ഞു പിടിക്കുക എന്ന തന്ത്രവുമായിട്ടായിരുന്നല്ലോ.

ഫാസിസ്റ്റ് ശക്തികൾക്കെതിരെ ലോകജനതയും ജനാധിപത്യരാഷ്ട്രങ്ങളും ഒന്നിച്ച് നിന്ന് പൊരുതി. പക്ഷേ, അമേരിക്കയിലെയും യൂറോപ്പിലെയും കുത്തക കമ്പനികൾ ഹിറ്റ്‌ലർക്കൊപ്പമായിരുന്നു. ഫോർഡും റോയൽഡെച്ച്‌ഷെല്ലും സ്റ്റാൻഡേർഡ് ഓയിലും കർണഗിയുമെല്ലാം ഹിറ്റ്‌ലറുടെ യുദ്ധഫണ്ടിലേക്ക് സ്വർണനാണയങ്ങൾ ഒഴുക്കി കൊടുത്തു. യൂറോപ്പിലെ ഏത് മേഖലയിലുമുള്ള യുദ്ധമുന്നണിയിൽ നാസി സേനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാനാണ് സ്വർണ നാണയങ്ങൾ തന്നെ ഒഴുക്കിക്കൊടുത്തത്. അവരെല്ലാം ഹിറ്റ്‌ലറിലൂടെ സോവിയറ്റ്‌യൂനിയന്റെയും സോഷ്യലിസത്തിന്റെയും അന്ത്യം സ്വപ്‌നം കണ്ടവരായിരുന്നു.

ഒക്‌ടോബർ വിപ്ലവം റഷ്യയിൽ അമേരിക്കൻ പെട്രോളിയം-ധാതു ഖനന കുത്തകകൾക്ക് നഷ്ടപ്പെടുത്തിയ വിഭവങ്ങളും സമ്പത്തും തിരിച്ചുപിടിക്കാനും സോഷ്യലിസത്തിന്റെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും സ്വാധീനത്തിൽ നിന്ന് ലോക ജനതയെ തടഞ്ഞുനിർത്താനുമാണ് ഫാസിസ്റ്റുകളെ കുത്തകകൾ അകമഴിഞ്ഞ് സഹായിച്ചത്. രണ്ടാം ലോകമഹായുദ്ധാനന്തരം അമേരിക്ക ആവിഷ്‌കരിച്ച ശീതയുദ്ധ പദ്ധതികളാണ് വൻശക്തി മത്സരത്തിനും അതിന്റെ ഫലമായ അനവധിയായ യുദ്ധങ്ങൾക്കും കാരണമായത്. അറബ് ലോകത്തെ എണ്ണ സമ്പത്ത് കൈയടക്കാനുള്ള സാമ്രാജ്യത്വ താത്പര്യങ്ങളിലാണ് പലസ്തീനികളുടെ ദേശീയസ്വത്വം വെല്ലുവിളിക്കപ്പെട്ടത്. സയണിസം ഒരു രാഷ്ട്രവാദമായി അറബ് വംശജരായ ജനങ്ങളെ വേട്ടയാടിയത്.

കൊറിയൻ യുദ്ധവും വിയറ്റ്‌നാമിനുനേരെയുള്ള ലോകമനസ്സാക്ഷിയെ ഞെട്ടിച്ച രാസായുധ പ്രയോഗങ്ങളും ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങളും അമേരിക്കയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ആധിപത്യവാഞ്ഛകളിൽ നിന്ന് ഉണ്ടായതാണ്. ലെനിൻ വിശദീകരിച്ചതുപോലെ സാമ്രാജ്യത്വമെന്നാൽ യുദ്ധമാണ്. വിഭവങ്ങളും സമ്പത്തും കൈയടക്കാനും ലോകാധിപത്യം തങ്ങൾക്ക് കീഴിലാക്കാനുമാണ് വൻശക്തി രാഷ്ട്രങ്ങൾ യുദ്ധങ്ങൾ അഴിച്ചുവിട്ടിട്ടുള്ളത്.

പാക്കിസ്ഥാനിലെ നിരുപദ്രവങ്ങളായ ആയിരക്കണക്കിന് മതപാഠശാലകളെ തീവ്രവാദികളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളാക്കി മാറ്റുകയായിരുന്നു അമേരിക്കയിലെ റീഗൻ ഭരണകൂടവും പാക്കിസ്ഥാനിലെ സിയാഉൾഹഖ് ഭരണകൂടവും ചെയ്തത്. സ്വാത് മലാക്കുണ്ട് താഴ്‌വരയും ഖൈബർ പക്തുൺ മേഖലയും തീവ്രവാദികളുടെ താവളപ്രദേശമാക്കി മാറ്റിയത് സി ഐ എയും ഐ എസ് ഐയും പാക്കിസ്ഥാൻ സൈന്യവും ചേർന്നാണ്.

ജയ്‌ഷെ മുഹമ്മദും ഹിസ്ബുൾ മുജാഹിദീനും ലഷ്‌കറെ ത്വയ്ബയും തുടങ്ങി പല നാമങ്ങളിൽ തീവ്രവാദ സംഘങ്ങളെ പടച്ചുവിട്ടതും താലിബാനിസ്റ്റുകളെ ലോകമെമ്പാടും വിന്യസിച്ചതും സാമ്രാജ്യത്വ ശക്തികളാണ്. ഇറാഖിലെ സദ്ദാം ഹുസൈൻ ഭരണകൂടത്തെ തകർത്തതും ഇറാനെ ലക്ഷ്യമിട്ട് സിറിയയിൽ കലാപം പടർത്തിയതും അതിനായി ഫ്രീസിറിയൻ ആർമിയെന്ന പേരിൽ അൽഖാഇദയുടെ സിറിയൻ ഘടകമായ ജാബത്അൻസൂരിയ പോലുള്ള തീവ്രവാദ സംഘങ്ങളെ ഏകോപിപ്പിച്ചതും അമേരിക്കയാണ്. ഈ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങളാണ് ഐ എസ് പോലുള്ള ആഗോള ഭീകരവാദ സംഘങ്ങളെ വളർത്തിയെടുത്തത്.

പാക്കിസ്ഥാൻ കേന്ദ്രമായ ഒട്ടുമിക്ക തീവ്രവാദ സംഘങ്ങളും കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനുള്ള ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. കാശ്മീർ പ്രശ്‌നമാണ് ഇന്ത്യാ-പാക് വൈരുധ്യങ്ങളുടെ അടിസ്ഥാനമായി നിൽക്കുന്നത്. കശ്മീരിനെ പ്രശ്‌നവത്കരിച്ചത് തെക്കനേഷ്യയിലെ വൻശക്തി താത്പര്യങ്ങളായിരുന്നു. 1947ൽ ഇന്ത്യയും പാക്കിസ്ഥാനുമായി നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതോടെയാണ് കശ്മീർ തർക്കപ്രശ്‌നമാകുന്നതും അതിനെ മുൻനിർത്തിയുള്ള സംഘർഷങ്ങൾ തുടർച്ചയാകുന്നതും.

ബ്രിട്ടീഷ്- യു എസ് സാമ്രാജ്യത്വവും കശ്മീരിലെ ദോഗ്രിവംശ രാജഭരണകൂടവുമാണ് ഇന്ത്യയിൽ നിന്ന് കശ്മീരിനെ വേർപെടുത്താനുള്ള ആസൂത്രിതമായ നീക്കങ്ങൾക്ക് നേതൃത്വം കൊടുത്തത്. തന്ത്രപ്രധാനമായ കശ്മീരിനെ പിടിച്ചെടുക്കാനാണ് റസൽഹൈറ്റ്‌സ് എന്ന അമേരിക്കൻ സൈനിക ഉദേ്യാഗസ്ഥന്റെ മുൻകൈയിൽ പാക് ഗോത്രവർഗ മിലിറ്റന്റുകളെ അണിനിരത്തി കശ്മീരിലേക്ക് മാർച്ച് നടത്തിയത്. അങ്ങനെ പിടിച്ചെടുത്ത പ്രദേശമാണ് ഇന്നത്തെ പാക്ഓക്‌പൈകശ്മീർ.

1947ലെയും 1965ലെയും 1971ലെയും 1998ലെ കാർഗിൽ യുദ്ധവും കാശ്മീർ പ്രശ്‌നത്തിന് ഒരു പരിഹാരവും ഉണ്ടാക്കിയില്ല എന്നതാണ് യാഥാർഥ്യം. യുദ്ധം ഒന്നും പരിഹരിക്കുന്നില്ല എന്നുള്ളതാണ് കശ്മീരിനെ മുൻനിർത്തിയുള്ള ഇന്ത്യാ-പാക് സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രം തന്നെ നമ്മെ പഠിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണയോടെ അതിർത്തി തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള നയതന്ത്രപരമായ നീക്കമാണ് നടത്തേണ്ടത്. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരവാദ സംഘങ്ങളെ ഒറ്റപ്പെടുത്താനും അമർച്ച ചെയ്യാനും പാക്കിസ്ഥാനെ നിർബന്ധിക്കാനാവശ്യമായ ആഗോള സമ്മർദങ്ങളും അതിനായുള്ള നയതന്ത്രപരമായ നീക്കങ്ങളുമാണ് നാം നടത്തേണ്ടത്.

സങ്കുചിതമായ ദേശീയലഹരിയും യുദ്ധോത്സുകതയും ഇരുരാജ്യങ്ങളുടെയും ഭരണവർഗ താത്പര്യങ്ങളെയാണ് സേവിക്കുന്നത്. അന്ധമായ ദേശീയവാദത്തിൽ നിന്നല്ല സൗഹാർദ പൂർണമായ അയൽപക്ക ബന്ധത്തിൽ നിന്നാണ് ഇന്ത്യാ-പാക് പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവുകയെന്ന കാര്യം ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവരാകെ പറയേണ്ട സമയമാണിത്.
പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഭരണവർഗ താത്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനാധിപത്യ ദേശീയതയുടെയും സാർവദേശീയ സാഹോദര്യത്തിന്റെയും കൊടിക്കൂറ ഉയർത്തിക്കാട്ടേണ്ട സന്ദർഭമാണിത്.

കെ ടി കുഞ്ഞിക്കണ്ണൻ