എമിറേറ്റ് വിമാനം കരിപ്പൂരിലേക്ക്: സുരക്ഷാ പരിശോധന നടത്തി

Posted on: March 4, 2019 10:52 pm | Last updated: March 4, 2019 at 10:52 pm

കൊണ്ടോട്ടി: ദുബൈ ആസ്ഥാനമായ എമിറേറ്റ് വിമാനം വീണ്ടും കരിപ്പൂരിലേക്ക് സർവീസിനൊരുങ്ങുന്നു. ഇതിനു മുന്നോടിയായി എമിറേറ്റ് അധികൃതരും സാങ്കേതിക വിദഗ്ധരും കരിപ്പൂരിലെത്തി സുരക്ഷാ പരിശോധന നടത്തി.
റൺവേ വികസനത്തിന്റെ പേരിൽ 2015 ഏപ്രിൽ മുതലാണ് എമിറേറ്റിന്റെ കരിപ്പൂർ സർവീസ് നിലച്ചത്. 777 200 ER, 777200LR,777300 ER വിഭാഗത്തിൽപ്പെട്ട വലിയ വിമാനങ്ങളുടെ സർവീസ് ആണ് കരിപ്പൂരിലേക്ക് വീണ്ടും നടത്താൻ അധികൃതർ ആഗ്രഹിക്കുന്നത്.

എമിറേറ്റ് അധികൃതരും കരിപ്പൂർ എയർപോർട്ട് അധികൃതരും സംയുക്തമായാണ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തിയത്.
എമിറേറ്റ് എയറിനെ പ്രതിനിധാനം ചെയ്ത് വൈസ് പ്രസിഡന്റ് മോഹൻ ശർമ, സീനിയർ ഫ്ലൈറ്റ് ഓപറേറ്റിംഗ് എൻജിനീയർ മന്ദാർ വേലാങ്കർ, സിവിൽ ഏവിഷൻ ലെയിസൺ മാനേജർ മുനവ്വർ ആശിഖ്, എൻജിനീയർ സമീർ കാലടി, അക്കൗണ്ട്‌സ് മാനേജർ രവികേഷ് എന്നിവരാണ് പരിശോധനക്കെത്തിയത്. എമിറേറ്റ്സിനെ കരിപ്പൂരിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടി മലബാർ ഡവലപ്‌മെന്റ് ഫോറം ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
എമിറേറ്റ് സീനിയർ വൈസ് പ്രസിഡന്റ് അഹമ്മദ് ഖുരി, ഡപ്യൂട്ടി സീനിയർ വൈസ് പ്രസിഡന്റ് അദ്‌നാൻ സമിയ്യ് എന്നിവരുമായി ദുബൈയിൽ വെച്ച് മലബാർ ഡവലപ്‌മെന്റ് ഫോറം ചർച്ച നടത്തിയിരുന്നു.

എമിറേറ്റ് അധികൃതരെ എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു, മുഹമ്മദ് ശാഹിദ്, ഒ വി മാർക്‌സിസ് , മലബാർ ഡവലപ്‌മെന്റ് ഫോറം ഭാരവാഹികളായ കെ എം ബശീർ ,കെ സി അബ്ദുർ റഹ്മാൻ, ഇസ്മാഈൽ പുനത്തിൽ, മുഹമ്മദ് ഹസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.