കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; സഹോദരിമാര്‍ മരിച്ചു

Posted on: March 4, 2019 5:55 pm | Last updated: March 4, 2019 at 8:14 pm

ഏറ്റുമാനൂര്‍: കോട്ടയത്തെ പേരൂര്‍ കണ്ടംചിറയില്‍ കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാര്‍ക്കു മേലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പേരൂര്‍ ആതിരയില്‍ ബിജുവിന്റെ മക്കളായ അന്നു (19), നീനു (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ബിജുവിന്റെ ഭാര്യ ലെജി (45)യെയും കാര്‍ ഡ്രൈവറെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ ബൈപ്പാസ് റോഡില്‍ കണ്ടംചിറ കവലക്കും പള്ളിക്കൂടം കവലക്കും ഇടയില്‍ പേരൂര്‍കാവ് ക്ഷേത്രത്തിനു പിന്‍ഭാഗത്തായാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന കാര്‍ ലെജിയെയും മക്കളെയും ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിന് സമീപത്തെ വീട്ടുപറമ്പിലേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയെ നാട്ടുകാര്‍ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുവിനെയും നീനുവിനെയും രക്ഷിക്കാനായില്ല.