Connect with us

Kerala

വയനാട്ടിൽ കണ്ണുനട്ട് നേതാക്കൾ

Published

|

Last Updated

കുടിയേറ്റത്തിന്റെയും കുടിയറക്കത്തിന്റെയും ഇരുനൂറ് വർഷത്തെ ചരിത്രമുണ്ട് ഈ മണ്ണിന്. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന, വികസനം ചുരം കയറാത്ത കേരളത്തിന്റെ ആഫ്രിക്ക. ഏലവും കുരുമുളകും തേയിലയും റബ്ബറുമായി കൃഷി ഉപജീവനമാക്കിയവരുടെ വയനാട്. കുടിയേറ്റ, മലയോര കർഷകരും ഗോത്രവർഗക്കാരും തോട്ടംതൊഴിലാളികളും ന്യൂനപക്ഷ മത വിഭാഗങ്ങളും വിധി നിർണയിക്കുന്ന മണ്ഡലം. ഏത് പ്രതികൂല സാഹചര്യത്തിലും യു ഡി എഫിന് ജയിച്ച് കയറാവുന്ന മണ്ഡലം.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, തിരുവമ്പാടി, നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നീ മലയോര മണ്ഡലങ്ങളാണ് വയനാടിന്റെ പരിധിയിലുള്ളത്. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന 2009ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം ഐ ഷാനാവാസ് 1,53,439 വോട്ടിന്റെ റെക്കോർഡ് ഭൂരിഭക്ഷത്തിനാണ് ഇവിടെ നിന്ന് സഭയിലെത്തിയത്. അഞ്ച് വർഷത്തിന് ശേഷം ഷാനവാസ് വീണ്ടും സ്ഥാനാർഥിയായി വന്നപ്പോൾ ഭൂരിഭക്ഷം കുത്തനെ ഇടിഞ്ഞു. 20,870 വോട്ടുകൾക്കാണ് ഷാനവാസ് ഇടത് സ്ഥാനാർഥിയായിരുന്ന സി പി ഐയിലെ സത്യൻ മൊകേരിയെ പരാജയപ്പെടുത്തിയത്. ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ മലയോര ജനതയിലുണ്ടായ എതിർപ്പായിരുന്നു യു ഡി എഫ് ഭൂരിഭക്ഷത്തിൽ പ്രതിഫലിച്ചത്.

ഷാനവാസിന്റെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ, മണ്ഡലത്തിലെ യു ഡി എഫ് മേധാവിത്വം തിരിച്ചറിഞ്ഞ് നേതാക്കളുടെ പടതന്നെ സീറ്റിനായി രംഗത്തെത്തിയത് ഇത്തവണയും കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കും. നിലവിൽ ഐ ഗ്രൂപ്പിന്റെ സീറ്റാണ് വയനാട്. എ ഗ്രൂപ്പ് നേതാവും കോഴിക്കോട് ഡി സി സി പ്രസിഡന്റുമായ ടി സിദ്ദീഖിന്റെ പേരിനാണ് വലിയ പരിഗണന. ഉമ്മൻ ചാണ്ടിയുടെ ഉറച്ച പിന്തുണ സിദ്ദീഖിനുണ്ട്. പ്രാദേശികവാദം ഉയർത്തി സീറ്റ് കൈക്കലാക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. സിദ്ദീഖിനായി യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി കഴിഞ്ഞു.
ഐ ഗ്രൂപ്പിനായി എ ഐ സി സി അംഗം ഷാനിമോൾ ഉസ്മാനാണ് സീറ്റിനായി രംഗത്തുള്ളത്. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ഷാനിമോൾക്ക് ഇത്തവണ സീറ്റ് വാഗ്ദാനം നൽകിയിരുന്നു. ആലപ്പുഴ, വയനാട് സീറ്റുകളിൽ ഒന്നായിരുന്നു ഷാനിമോൾ ലക്ഷ്യമിട്ടത്.

ആലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ സി വേണുഗോപാൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വയനാട് സീറ്റ് കൂടി നിഷേധിക്കപ്പെട്ടാൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയേക്കും. കോൺഗ്രസ് തോൽക്കുന്ന സീറ്റുകളിൽ മാത്രമാണ് വനിതകളെ പരിഗണിക്കാറെന്ന ആരോപണം നിലവിലുണ്ട്. കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദാണ് സീറ്റിനായി രംഗത്തുള്ള മറ്റൊരാൾ. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവുമാണ് മജീദ്.
കഴിഞ്ഞ തവണത്തേക്കാൾ അനുകൂല ഘടകങ്ങൾ ഇത്തവണയുണ്ടെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ഷാനവാസ് ജയിക്കുമ്പോൾ മണ്ഡലത്തിൽ മുഴുവൻ യു ഡി എഫ് എം എൽ എമാരാണ് ഉണ്ടായിരുന്നത്. നിലവിൽ ഏഴിൽ നാല് നിയമസഭാ മണ്ഡലങ്ങൾ എൽ ഡി എഫിനൊപ്പമാണ്. കഴിഞ്ഞ തവണ യു ഡി എഫിനൊപ്പമുണ്ടായിരുന്ന വീരേന്ദ്രകുമാറിന്റെ പാർട്ടി എൽ ഡി എഫിൽ തിരിച്ചെത്തി. കൽപ്പറ്റ മണ്ഡലത്തിൽ ലോക് തന്ത്രിക് ദളിന് സ്വാധീനമുണ്ട്. എൻ ഡി എക്കൊപ്പമായിരുന്ന സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ഗോത്ര വിഭാഗം എൽ ഡി എഫിനൊപ്പമെത്തി. ഗോത്രവർഗക്കാർ നിർണായകമായ വയനാട്ടിൽ ഭൂമിക്കായി സമരം നടന്ന സ്ഥലങ്ങളിലെല്ലാം ഭൂമി വിതരണം ചെയ്യാൻ കഴിഞ്ഞതും ആത്മവിശ്വാസം നൽകുന്നു.

സി പി ഐക്ക് നൽകിയ സീറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യൻ മൊകേരി, മലപ്പുറം മുൻ ജില്ലാ സെക്രട്ടറി പി പി സുനീർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, അടുത്തിടെ ജനതാദളിൽ നിന്ന് പാർട്ടിയിലെത്തിയ പി എം ജോയ് എന്നിവരുടെ പേരാണ് പരിഗണിക്കപ്പെടുന്നത്. ഇതിൽ സത്യൻ മൊകേരി മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. യു ഡി എഫ് സ്ഥാനാർഥി മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് വരാൻ സാധ്യതയുള്ളതിനാൽ സുനീറിന്റെ പേര് തള്ളിയേക്കും. സി എൻ ചന്ദ്രന്റെ പേരാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയത്. സി പി എമ്മിനും ഇതാണ് താത്പര്യം. പാർട്ടിയിൽ ഇസ്മാഈൽ പക്ഷക്കാരനായ ചന്ദ്രനെ സി പി ഐ സംസ്ഥാന നേതൃത്വത്തിന് വലിയ താത്പര്യമില്ല. ഈ സാഹര്യത്തിൽ അടുത്തിടെ പാർട്ടിയിലെത്തിയ പി എം ജോയിയുടെ പേരിനാണ് കൂടുതൽ സാധ്യത. ക്രിസ്‌ത്യൻ സഭാ നേതൃത്വവുമായും വയനാട്ടിലെ കർഷക സംഘടനകളുമായുമുള്ള ബന്ധം മുൻതൂക്കം നൽകുന്നു.

ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ നിരവധി വിവാദ വിഷയങ്ങൾ പ്രചാരണ രംഗത്ത് വരുമെങ്കിലും മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിത്യസ്തമായി വികസന മുരടിപ്പാണ് വയനാട്ടിലെ പ്രധാന പ്രചാരണ വിഷയം.

Latest