ഉദയ ഫുട്‌ബോൾ; ഏഴ് യുവതീയുവാക്കൾക്ക് മംഗല്യം

Posted on: March 3, 2019 10:56 am | Last updated: March 3, 2019 at 10:56 am
സമൂഹവിവാഹ ചടങ്ങിൽ നിന്ന്

മാനന്തവാടി: അറയ്ക്കൽ കുടുംബത്തിന്റെ കൈത്താങ്ങിൽ മംഗല്യസൗഭാഗ്യമണിഞ്ഞ് ഏഴ് യുവതീയുവാക്കൾ. മത-പണ്ഡിതരുടെ സാന്നിധ്യത്തിൽ മാനന്തവാടി അമ്പുകുത്തി സെന്റ്തോമസ് ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു വിവാഹസംഗമം. പ്രവാസി മലയാളി വ്യവസായി അറക്കൽ ജോയി മാതാവ് ത്രേസ്യാമ്മ ഉലഹന്നാന്റെ സ്മരണാർഥമാണ് ഇത്തരമൊരു സമൂഹ വിവാഹം നടത്തിയത്.

നിറഞ്ഞ സദസിൽ രാവിലെ 9.30ഓടെ ഹിന്ദു ആചാരപ്രകാരം രണ്ട്- യുവതീ യുവാക്കൾ താലി ചാർത്തി. ജോയി അറക്കലും കുടുംബാംഗങ്ങളും ചേർന്ന് ദമ്പതികളെ അനുഗ്രഹിച്ചു. തുടർന്ന് സൈൻ ഡയറക്ടർ റഷീദ് ഗസ്സാലി കൂളിവയലിന്റ നേതൃത്വത്തിൽ നാല് മുസ്്ലിം ദമ്പതികളുടെ നിക്കാഹും നടന്നു. ഇതേ വേദിയിൽ ക്രിസ്ത്യൻ ആചാരപ്രകാരം ഒരു വിവാഹവും നടന്നു. കൊയിലേരി ഉദയ വായനശാല നടത്തുന്ന ഫുട്‌ബോളിനോടനുബന്ധിച്ചാണ് ജീവകാരുണ്യ വിദ്യഭ്യാസ പാർപ്പിട മേഖലകളിൽ സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരുന്ന അറക്കൽ കുടുംബം സമൂഹ വിവാഹം സംഘടിപ്പിച്ചത്.

ജില്ലാ സ്‌പെഷ്യൽ ജഡ്ജി പി സെയ്തലവി, ഐ സി ബാലകൃഷ്ണൻ എം എൽ എ, നഗരസഭാ ചെയർപേഴ്‌സൺ വി ആർ പ്രവീജ്, മുൻ വനിതാ കമ്മീഷൻ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചർ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹങ്ങൾ നടന്നത്. സ്റ്റേഹവിരുന്നും ഉണ്ടായിരുന്നു.