മൂന്നാം ദിനവും പുകയില്‍ മുങ്ങി കൊച്ചി

Posted on: February 24, 2019 11:33 am | Last updated: February 24, 2019 at 5:26 pm

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക മൂന്നാം ദിവസവും നഗരത്തെ ദുരിതത്തിലാക്കി. പുക നിയന്ത്രിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. വെളിച്ചക്കുറവ് കാരണം ഇന്നലെ രാത്രി നിര്‍ത്തിവെച്ച നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം എന്നിവിടങ്ങളിലാണ് പുകശല്യം രൂക്ഷമായി തുടരുന്നത്. പലയിടച്ചും കാഴ്ചമറയ്ക്കും വിധം പുക നിറഞ്ഞു. പുക ശ്വസിച്ച് ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു.

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ ഏക്കറോളം സ്ഥലത്ത് കൂട്ടിയിട്ട ടണ്‍ കണക്കിന് മാലിന്യത്തിന് വെള്ളിയാഴ്ച രാത്രിയോടെയാണ് തീ പിടിച്ചത്. 210 ടണ്‍ ജൈവമാലിന്യവും 150 ടണ്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യവുമാണ് ബ്രഹ്മപുരത്ത് ഒരു ദിവസം എത്തുന്നത്. ഇതില്‍ അജൈവ മാലിന്യങ്ങളില്‍ 500 കിലോ മാത്രമാണ് സംസ്‌കരിക്കുന്നത്.
രണ്ട് ഏക്കറിലായി കുന്നുകൂടിക്കിടക്കുന്ന 9,000 ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീപ്പിടിച്ചത്. 15 കിലോമീറ്റര്‍ അകലെവൈറ്റില, കടവന്ത്ര, ചമ്പക്കര, സൗത്ത് തുടങ്ങിയ പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും കനത്ത പുക വ്യാപിച്ചു.

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തതിന് പിന്നാലെ നഗരമധ്യത്തില്‍ ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിനും തീപ്പിടിച്ചിരുന്നു. വൈകീട്ടോടെയാണ് ഇവിടെ തീപ്പിടിത്തമുണ്ടായത്. ഉണങ്ങിയ പുല്ലിന് തീപ്പിടിച്ചതാണെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. മരങ്ങള്‍ കത്തിനശിച്ചു. നഗരത്തിനകത്തെ ജൈവ കേന്ദ്രവും പക്ഷി സങ്കേതവുമാണ് ഏക്കറിലധികം പരന്നുകിടക്കുന്ന തണ്ണീര്‍ത്തടമുള്‍പ്പെടെയുള്ള മംഗളവനം. ഇവിടെ തീപ്പിടിച്ചത് കൊച്ചിയിലെ ജൈവ ആവാസവ്യവസ്ഥക്ക് കനത്ത നാശനഷ്ടമാണ് വരുത്തിയത്.