Connect with us

Ongoing News

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് വഴിയോര കച്ചവടം

Published

|

Last Updated

പാലക്കാട്: ചൂടിന്റെ കാഠിന്യം കൂടിയതോടൊപ്പം ശീതള പാനീയങ്ങൾക്ക് ചെലവ് വർധിച്ചതോടെ രാസവസ്തുക്കൾ ചേർത്ത് വിൽപ്പനയും തകൃതിയായി. ശീതളപാനീയങ്ങളിൽ രുചി കൂട്ടാനും കളർ ലഭിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർക്കുന്നതായാണ് വിവരം. വേനൽ കാലത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. വഴിയോരങ്ങളിൽ നേരത്തെ ജ്യൂസാക്കി ഫ്രീസറിൽ വച്ച് വിൽ്ക്കുന്നവയാണ് കൂടുതൽ അപകടകാരി.

ഇവ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. കൂടാതെ തുറന്നുവക്കുന്നതിനാൽ പ്രാണികൾ പറ്റിപ്പിടിക്കാനും സാധ്യത കൂടുതലാണ്. ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികൾ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കേണ്ടതാണ്. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതാണ് ഇത്തരക്കാർക്ക് ഗുണം ചെയ്യുന്നത്. റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ലോഡുകണക്കിനെത്തിക്കുന്ന കരിമ്പ് ഇടനിലക്കാർ വിലക്കെടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ വഴി ജ്യൂസുണ്ടാക്കി വിൽക്കുന്നു. ദേശീയപാതയോരവും റോഡരികുമാണ് ഇവരുടെ താവളം. ദിനം പ്രതി അയ്യായിരത്തോളം രൂപയുടെ കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. എന്നാൽ ഇവർ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ ഗുണനിലവാരമില്ലാത്തതും. ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കണമെന്നാണ് ആവശ്യം. പാതയോരങ്ങളിലെ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളിൽ 95ശതമാനവും അനധികൃതമാണ്. കോഴിക്കോടൻ കുലുക്കി സർബത്ത്, കരിമ്പ്, തണ്ണിമത്തൻ ജ്യൂസ്, സംഭാരം വിൽപ്പന കേന്ദ്രങ്ങൾ എന്നിങ്ങനെ നിരവധി സ്റ്റാളുകൾ നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കടുത്ത വേനലിൽ മനസ് തണുപ്പിക്കാൻ ഏവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം താൽക്കാലികമായി വിശപ്പ് മാറാനും ഇത് സഹായിക്കും. പക്ഷേ, ഈ തണ്ണിമത്തൻ ജ്യൂസുകളിൽ രുചി വർധിപ്പിക്കാനായി സൂപ്പർ ഗ്ലോ എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്. ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്കറിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാൽ ഇരട്ടി മധുരവും അൽപം ലഹരിയും ഇതിനുണ്ടാകും.

പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് ഇതിന്റെ പ്രധാന വിപണന കേന്ദ്രം. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടാൻ സാധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഫ്രഷ് ജ്യൂസിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കരുത,് ജ്യൂസ് നിർമിക്കുന്നവർ കൈയുറകൾ ധരിക്കണം, ജ്യൂസിന് അഴുകിയ പഴവർഗങ്ങൾ ഉപയോഗിക്കരുത്, പഴങ്ങൾ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം, നേരത്തേ തയാറാക്കി വച്ച ജ്യൂസുകൾ വിൽപ്പന നടത്തരുത്, തെർമോകോൾ കൊണ്ടുള്ള പാത്രങ്ങൾ പാടില്ല , എഫ് എസ് എസ് എ ഐ റജിസ്‌ട്രേഷൻ നമ്പർ കടകളിൽ പ്രദർശിപ്പിക്കണം, സർബത്ത്, ഷേക്ക് എന്നിവയിൽ ചേർക്കുന്ന എസൻസ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്ല് സൂക്ഷിക്കണം എന്നിവയാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ.