Connect with us

National

ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യ- സഊദി ധാരണ

Published

|

Last Updated

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യയും സഊദിയും ധാരണയിലെത്തി. സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദവും ഭീകരവാദവും ഇന്ത്യയുടേയും സഊദിയുടേയും പൊതുവായ ആശങ്കയാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ എല്ലാ ചുവടുവെപ്പുകള്‍ക്കും ഒപ്പം സഊദി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുംതലമുറയുടെ ശോഭനീയമായ ഭാവി ഉറപ്പുവരുത്തുന്നതിന് എല്ലാവര്‍ക്കുമൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സഊദി കിരീടാവകാശി പറഞ്ഞു. ഭീകരവാദത്തിന് സഹായം നല്‍കുന്നവരെ ശിക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്കും സഊദിക്കും ഒരേ നിലപാടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും പ്രതിരോധ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് സഊദി കിരീടാവകാശിയുമായി ചര്‍ച്ച നടത്തി. സഊദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി വളര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ പശ്ചാത്തല വികസന മേഖലയിലുള്ള സഊദിയുടെ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ സഊദി അംഗമായതിനെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രിയാണ് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയത്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശനത്തിന് മുന്നോടിയായി സഊദിയും ഇന്ത്യയും നയതന്ത്ര കൂടിയാലോചനകള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തെ വന്‍ പ്രാധാന്യത്തോടെയാണ് വ്യവസായ രംഗത്തുള്ളവര്‍ കാണുന്നത്.
സന്ദര്‍ശനം ഇന്ത്യ സഊദി നയതന്ത്ര ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യന്‍ സന്ദര്‍ശത്തിന് ശേഷം കിരീടാവകാശി ചൈന സന്ദര്‍ശിക്കും.

Latest