കശ്മീരികള്‍ എന്തു പിഴച്ചു?

Posted on: February 19, 2019 8:45 am | Last updated: February 19, 2019 at 1:12 pm

പുല്‍വാമയിലെ തീവ്രവാദ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് വ്യക്തമായ വിവരം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തറപ്പിച്ചു പറയുന്നു. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നതിനുള്ള തെളിവുകള്‍ ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ളവര്‍ക്കല്ലാതെ സാധാരണക്കാരായ കാശ്മീരികള്‍ക്ക് എന്തെങ്കിലും പങ്കുള്ളതായി ഒരു സൂചന പോലുമില്ല. സൈന്യത്തിനോ വിദേശ മന്ത്രാലയത്തിനോ അങ്ങനെ ഒരു അഭിപ്രായവുമില്ല. പക്ഷേ, സൈനികരുടെ മരണത്തിന് സംഘ്പരിവാര്‍ പ്രതികാരം ചെയ്യുന്നത് നിരപരാധികളായ കശ്മീരികളോടാണ്.

പുല്‍വാമ സംഭവത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കശ്മീരി വിദ്യാര്‍ഥികളും വ്യാപാരികളും ആക്രമിക്കപ്പെടുകയാണ്. ഛത്തീസ്ഗഢിലെ റായ്പൂരിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ബാബ ഫരീദുദ്ദീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നു. ഭീകരാക്രമണത്തിന് പിന്നില്‍ കശ്മീരി വിദ്യാര്‍ഥികളാണെന്നാരോപിച്ചാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ പാഞ്ഞടുത്തത്. വിദ്യാഭ്യാസ, ജോലി ആവശ്യാര്‍ഥം ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ വീടുകളും ഫ്‌ളാറ്റുകളും വാടകക്ക് എടുത്ത് താമസിക്കുന്ന കശ്മീരികളെ ഇറക്കി വിടുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ കോളജുകളിലും യൂനിവേഴ്‌സിറ്റി ക്യാമ്പസുകളിലുമായി ആയിരക്കണക്കിന് കശ്മീരി വിദ്യാര്‍ഥികളുണ്ട്. പലരും വീടൊഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കശ്മീരികളുടെ കച്ചവട സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഡെറാഡൂണിലെ കടകള്‍ക്ക് മുന്നില്‍ ‘നായ്ക്കള്‍ക്ക് വരാം, കശ്മീരികള്‍ക്ക് പ്രവേശനമില്ല’ എന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഡെറാഡൂണിലും മറ്റും വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കശ്മീരികള്‍ക്കെതിരായ ആക്രമണത്തിന് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരികളെ വെടിവെച്ച് കൊല്ലാനാണ് അക്രമികളുടെ ആഹ്വാനമെന്ന് ‘ദ വയര്‍’ പറയുന്നു. കശ്മീരി വിദ്യാര്‍ഥികളെ തങ്ങള്‍ ലക്ഷ്യം വെക്കുന്നതായി ബജ്‌റംഗ്ദള്‍ നേതാവ് വികാസ് ശര്‍മ തുറന്നുപറയുകയുണ്ടായി. ‘ജീവന്‍ അപകടത്തിലാണ്. വിമാനങ്ങള്‍ അയച്ച് തങ്ങളെ കൊണ്ടുപോകണ’മെന്ന് പല വിദ്യാര്‍ഥികളും കശ്മീര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുവിലെ ഗുജ്ജാറില്‍ മുസ്‌ലിംകളെ വ്യാപകമായി അക്രമിക്കുകയും വാഹനങ്ങള്‍ പിടിച്ചെടുത്ത് അഗ്‌നിക്കിരയാക്കുകയും ചെയ്യുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം അഴിച്ചുവിട്ട് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് സംഘ്പരിവാര്‍ നീക്കം.
അസാമിലെ ലഖിംപുരില്‍ ഞായറാഴ്ച ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ പ്രസംഗവും സംഘ്പരിവാറിന്റെ ഈ രാഷ്ട്രീയ അജന്‍ഡയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ‘രാജ്യം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലാത്തതിനാല്‍ ജമ്മുകശ്മീരിലെ പുല്‍വാമയിലെ സി ആര്‍ പി എഫ് ജവാന്മാരുടെ ജീവത്യാഗം പാഴായിപ്പോകില്ലെന്നും സുരക്ഷാ വിഷയങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ ഒരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെ’ന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തിനെതിരെ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയും വിഷയത്തില്‍ കക്ഷിരാഷ്ട്രീയം വലിച്ചിടുകയും ചെയ്യുന്നതിന്റെ ആവശ്യമെന്താണ്? അതേസമയം കശ്മീരില്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാറിനും സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം തേടിയപ്പോള്‍, വിവാദ വിഷയങ്ങള്‍ പറയേണ്ട സമയമല്ല ഇത്, രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണ് വേണ്ടതെന്ന പക്വതയാര്‍ന്ന പ്രതികരണമായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്.

ഭീകരവാദത്തിലേക്ക് വഴിതെറ്റിപ്പോയ ചുരുക്കം ചിലരൊഴികെ കശ്മീരികള്‍ പൊതുവെ ഇന്ത്യയോട് കൂറ് പുലര്‍ത്തുന്നവരാണ്. ഭരണകൂടങ്ങള്‍ അവരെ വിശ്വാസത്തിലെടുക്കാത്തതും അനാവശ്യമായി സംശയിക്കുന്നതുമാണ് പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നും കശ്മീരികളെ വിശ്വാസത്തിലെടുത്തുള്ള രാഷ്ട്രീയ പരിഹാരമാണ് ഇക്കാര്യത്തില്‍ പ്രായോഗികമെന്നും കശ്മീര്‍ വിഷയം ആഴത്തില്‍ പഠിച്ചറിഞ്ഞ സംഘടനകളും അന്വേഷണ സമിതികളും ചൂണ്ടിക്കാട്ടിയതാണ്. പുല്‍വാമ പ്രശ്‌നത്തെ ചൊല്ലി കശ്മീരികള്‍ക്കെതിരായി നടന്നു വരുന്ന അക്രമങ്ങളും വിമര്‍ശങ്ങളും അവര്‍ക്ക് ഇന്ത്യയോടുള്ള കൂറ് നഷ്ടപ്പെടുത്താനും തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കാനുമല്ലാതെ ഒരു ഫലവും ഉളവാക്കില്ല. മോദി സര്‍ക്കാര്‍ കശ്മീരില്‍ അടിച്ചമര്‍ത്തല്‍ നയം കൂടുതല്‍ ശക്തമാക്കിയതോടെ അവിടെ തീവ്രവാദ ആക്രമണങ്ങളും തീവ്രവാദത്തിലേക്കാകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണവും വര്‍ധിക്കുകയാണുണ്ടായതെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ വെച്ച കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2013ല്‍ സംസ്ഥാനത്ത് 170 തീവ്രവാദ ആക്രമണങ്ങളാണ് നടന്നതെങ്കില്‍ 2018ല്‍ അത് 614 ആയി ഉയര്‍ന്നു. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം 2013ല്‍ കേവലം 16 ആയിരുന്നു. 2018ല്‍ ഇത് 191 ആയി ഉയര്‍ന്നു. ഇതിനിടെ കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സംഘ്പരിവാര്‍ കശ്മീരികള്‍ക്കെതിരെ നടത്തി വരുന്ന അക്രമങ്ങള്‍ പ്രശ്‌നം മൂര്‍ച്ഛിപ്പിക്കുകയേയുള്ളൂ. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടുകയും കശ്മീരികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്.