സംസ്ഥാനത്തെ റേഷന്‍ കടകള്‍ നിറംമാറിത്തുടങ്ങി

Posted on: February 14, 2019 9:11 am | Last updated: February 14, 2019 at 10:00 am

കോട്ടക്കല്‍: സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിറം ഏകീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് റേഷന്‍ കടകള്‍ ഒരേ നിറത്തിലേക്ക് മാറുന്നത്. കഴിഞ്ഞ നവംബറില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത കടയുടമകളുടെ യോഗത്തിലെ തീരുമാനപ്രകാരമാണിത്.

റേഷന്‍ കടകളുടെ ബോര്‍ഡ്, ഉള്‍വശം, ഷട്ടര്‍, സ്‌റ്റോക്ക് ബോര്‍ഡ് എന്നിവയാണ് നിറം മാറുക. ഷട്ടറിനും അകത്തും വെള്ള നിറമാണ്. ഷട്ടറിന്റെ വശങ്ങളില്‍ ചുകപ്പും മഞ്ഞയും ഇടകലര്‍ന്ന വരകളുമുണ്ടാകും. ഇതിനുപുറമെ നടുവശത്തായി ലോഗോയും പ്രദര്‍ശിപ്പിക്കും. ഷട്ടര്‍, ഡോര്‍ എന്നിവക്ക് അംഗീകൃത മാതൃകയും നല്‍കിയിട്ടുണ്ട്. പൊതുവിതരണ കേന്ദ്രങ്ങളെ ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് മാറ്റം.
തിരുവനന്തപുരം 1856, കൊല്ലം 1427, പത്തനംതിട്ട 807, ആലപ്പുഴ 1256, കോട്ടയം 907, ഇടുക്കി 682, എറണാകുളം 1342, തൃശൂര്‍ 1139, പാലക്കാട് 942, മലപ്പുറം 1201, കോഴിക്കോട് 951, വയനാട് 311, കണ്ണൂര്‍ 804, കാസര്‍കോട് 378 എന്നിങ്ങനെയാണ് റേഷന്‍ കടകളുടെ കണക്ക്. സംസ്ഥാനത്തെ 14,003 റേഷന്‍ കടകള്‍ക്കായി 2.9 കോടി രൂപയാണ് ഭക്ഷ്യ വകുപ്പ് വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാമെന്ന മാറ്റത്തിന് തൊട്ടുപിന്നാലെയാണ് കടകള്‍ക്ക് ഏകീകൃത രൂപം കൊണ്ടുവരുന്നത്. കടയുടെ പേര് കാണിക്കുന്ന ബോര്‍ഡ് നാല് മില്ലിമീറ്റര്‍ ഘനമുള്ള ജി ഐ ഷീറ്റിലാണ് നിര്‍മിക്കേണ്ടത്. ബോര്‍ഡിന്റെ അളവും ഒരുപോലെയായിരിക്കണം. ചുവപ്പും മഞ്ഞയുമായിരിക്കണം ബോര്‍ഡിന്റെ നിറം. കരുതല്‍ ശേഖരപ്പട്ടിക ജനങ്ങള്‍ക്ക് കാണത്തക്ക രീതിയിലായിരിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡ് വെള്ള പ്രതലത്തിലായിരിക്കും. കടയുടെ മുന്‍ഭാഗത്ത് പൊതുവിതരണ സംവിധാനത്തിന്റെ ബ്രാന്‍ഡ് ഐക്കണും ഷട്ടറിന്റെ ഇടതുഭാഗത്ത് പൊതുവിതരണ സമ്പ്രദായത്തിന്റെ മുദ്രയും ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

ഈ മാസം 15നുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാനാനാണ് നിര്‍ദേശം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നവീകരണം ഉറപ്പുവരുത്തി ഭക്ഷ്യവിതരണ വകുപ്പിന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിടുണ്ട്. വകുപ്പ് നിര്‍ദേശിച്ച ഡിസൈനില്‍ നിന്ന് മാറ്റം വരുത്താന്‍ റേഷന്‍ വ്യാപാരികള്‍ക്ക് അനുവാദമുണ്ടാകില്ല. ഇവ പരിശോധിക്കാന്‍ റേഷന്‍ ഓഫീസര്‍മാരെ ജില്ലാതലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് റേഷന്‍ കടകളുടെ നിറം ഏകീകരിക്കുന്ന നീക്കം ഉണ്ടായെങ്കിലും പൂര്‍ത്തിയാക്കാനായിരുന്നില്ല.