പ്രിയങ്കയുടെ വരവില്‍ ആശയും ആശങ്കയും

Posted on: February 13, 2019 3:03 pm | Last updated: February 24, 2019 at 5:16 pm

പ്രിയങ്കാ ഗാന്ധിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും വര്‍ഷങ്ങളായി ഭാരവാഹിത്വത്തിലേക്ക് കടന്നുവരാന്‍ അവരോട് ആവശ്യപ്പെട്ടു വരികയായിരുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നതെങ്കിലും അവരുടെ ഇപ്പോഴത്തെ കടന്നുവരവ് പുതിയ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ തീരുമാനം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പല്‍ നിര്‍ണായക സ്ഥാനമാണ് 80 മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശിനുള്ളത്. യു പി പിടിച്ചാല്‍ പര്‍ലിമെന്റ് പിടിക്കാമെന്നൊരു വിശ്വാസം തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ട്. ഇത്തവണ ബി ജെ പിയെ താഴെയിറക്കി പാര്‍ലിമെന്റില്‍ അധികാരത്തിലെത്തണമെന്ന് ദൃഢപ്രതിജ്ഞയെടുത്ത കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം യു പിയിലെ നിലവിലെ സാഹചര്യം അത്ര സുഖകരമല്ല. അവിടെ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ് പിയും ബി എസ് പിയും സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്. ഈ പ്രതിസന്ധി അതിജീവിക്കാനാണ് പ്രിയങ്കയെ കിഴക്കന്‍ യു പിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കി നിയമിച്ചതും പ്രചാരണ രംഗത്ത് സജീവമാക്കിയതും.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രം ഫലപ്പെടുന്നുവെന്നാണ് യു പിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍. സംസ്ഥാനത്തെ കോണ്‍ഗ്രസ് അണികളിലും മതേതര വോട്ടര്‍മാരിലും ഇത് പുത്തനുണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. യു പിയില്‍ പ്രിയങ്കാഗാന്ധി തിങ്കളാഴ്ച നടത്തിയ റോഡ്‌ഷോ കാണാനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും വന്‍ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്. ആവേശം വാനോളമുയര്‍ത്തിയ ഈ റോഡ് ഷോയും പ്രിയങ്കാതരംഗവും യു പി രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നതിന്റെ സൂചനകളും വന്നുതുടങ്ങിയിട്ടുണ്ട്. വിശാല സഖ്യത്തിനുള്ള രാഹുലിന്റെ ആഹ്വാനം തള്ളിയ എസ് പിയിലും ബി എസ് പിയിലും പ്രിയങ്കയുടെ റോഡ്‌ഷോക്ക് ശേഷം കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ പുനഃപരിശോധന വേണമെന്ന ചിന്ത ഉടലെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് നിലവില്‍ കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലെന്ന കണക്കുകൂട്ടലിലാണ് എസ് പിയും ബി എസ് പിയും അവരില്ലാത്തൊരു സഖ്യം പ്രഖ്യാപിച്ചത്. റായ്ബറേലിയിലും അമേത്തിയിലുമല്ലാതെ യു പിയിലെ മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് എവിടെ സ്വാധീനമെന്നു ചോദിച്ച എസ് പി നേതൃത്വത്തെ പ്രിയങ്കക്ക് ലഭിച്ച സ്വീകരണം അമ്പരപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളായിരുന്നു നേരത്തേ യു പിയില്‍ കോണ്‍ഗ്രസിന്റെ കരുത്ത്. ബാബരി പ്രശ്‌നത്തോടെ ഈ വോട്ടുകളിലുണ്ടായ ചോര്‍ച്ച മുതലെടുത്താണ് എസ് പിയും ബി എസ് പിയും ശക്തിപ്രാപിച്ചത്. രാജ്യത്ത് ഇപ്പോള്‍ അലയടിക്കുന്ന മോദിവിരുദ്ധ തരംഗത്തില്‍ ന്യൂനപക്ഷ, പിന്നാക്ക വോട്ടുകള്‍ തങ്ങളെ തുണക്കുമെന്നായിരുന്നു അഖിലേഷ് യാദവിന്റെയും മായാവതിയുടെയും കണക്കുകൂട്ടല്‍. എന്നാല്‍, പ്രിയങ്കയുടെ വ്യക്തിപ്രഭാവം ബി ജെ പി വിരുദ്ധ വോട്ടുകള്‍ നല്ല തോതില്‍ കോണ്‍ഗ്രസിലെത്താന്‍ ഇടയാക്കിയേക്കുമെന്നും കോണ്‍ഗ്രസിന്റെ ജനപിന്തുണ വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നും ഇവരിപ്പോള്‍ ആശങ്കിക്കുന്നുണ്ട്. യു പിയിലെ മുസ്‌ലിം വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാനായാല്‍ 80 ലോക്‌സഭാ സീറ്റുകളില്‍ നാലിലൊന്നെങ്കിലും കോണ്‍ഗ്രസിന് നേടാനാകുമെന്നാണ് വിലയിരുത്തല്‍.

സൗന്ദര്യമല്ലാതെ രാഷ്ട്രീയത്തില്‍ പ്രിയങ്കക്ക് എന്തുപരിചയമാണുള്ളതെന്നു ചോദിക്കുന്നവരുണ്ട്. എന്നാല്‍ ശിവസേനാ വക്താവ് മനീഷ കയന്ദെ അഭിപ്രായപ്പെട്ട പോലെ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിരൂപമായാണ് ജനങ്ങളില്‍ നല്ലൊരു പങ്ക് പ്രിയങ്കയെ കാണുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ദിരാഗാന്ധിയെന്നൊരു വിശേഷണം തന്നെ ഇതിനകം പ്രിയങ്കക്ക് കൈവന്നിട്ടുണ്ട്. നെഹ്‌റു കുടുംബത്തോടും ഇന്ദിരയോടുമുള്ള ആദരവ് ഇന്നും മാഞ്ഞുപോയിട്ടില്ലാത്ത യു പിക്കാര്‍ക്കിടയില്‍ രാഹുലിനേക്കാള്‍ സ്വാധീനം ചെലുത്താന്‍ പ്രിയങ്കക്ക് സാധിക്കും. സോണിയാഗാന്ധി പ്രായത്തിന്റെ അവശതകളാല്‍ പ്രയാസപ്പെടുമ്പോള്‍, രാഹുലിനെ ഉപദേശിക്കാനുംതിരുത്താനും മറ്റാരേക്കാളും അര്‍ഹതയും യോഗ്യതയുമുള്ള പ്രിയങ്ക മുന്നോട്ടുള്ള പ്രയാണത്തില്‍ രാഹുലിന് കരുത്തേകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇതാണ് എസ് പിയുടെയും ബി എസ് പിയുടെയും മനംമാറ്റത്തിനു പിന്നില്‍. സംസ്ഥാനത്ത് ഒരു കക്ഷിയും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടില്ലാത്ത സാഹചര്യം കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തി എസ് പി, ബി എസ് പി സഖ്യം അഴിച്ചു പണിയാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

പ്രിയങ്കയുടെ വരവ് ബി ജെ പിയുടെ ഉറക്കമാണ് വല്ലാതെ നഷ്ടപ്പെടുത്തുന്നത്. ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളെ മാത്രമല്ല, ബി ജെ പിയുടെ അടിത്തറയായ സവര്‍ണ വിഭാഗത്തിലും ചലനം സൃഷ്ടിക്കാന്‍ പ്രിയങ്കക്ക് സാധിക്കുമെന്നതാണ് അവരെ വേവലാതിപ്പെടുത്തുന്നത്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രിയങ്കയുടെ വ്യക്തിപ്രഭാവത്തന് സാധിക്കുമെന്ന ശരിയായ ബോധ്യത്തോടെ തന്നെയാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പ്രിയങ്കക്കാവില്ലെന്ന് ബി ജെ പി നേതാക്കള്‍ അണികളെ സമാശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാദ്രക്കെതിരായ സി ബി ഐ അന്വേഷണം ഇപ്പോള്‍ ഊര്‍ജിതപ്പെടുത്തിയതും പ്രിയങ്ക ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നാണ്. പ്രിയങ്കാ ഗാന്ധി എന്നതിന് പകരം ബി ജെ പി നേതാക്കള്‍ പ്രിയങ്കവാദ്ര എന്നു പ്രത്യേകം പറയാന്‍ ശ്രദ്ധിക്കുന്നതിന്റെ താത്പര്യവും മറ്റൊന്നല്ല. എന്നാല്‍ റാഫേല്‍ ഇടപാടില്‍ മോദി നേരിട്ടു നടത്തിയ ഇടപെടലും അത് രാജ്യത്തിനു വരുത്തി വെച്ച കോട്ടങ്ങള്‍ക്കും മുമ്പില്‍ വാദ്രക്കെതിരായ കേസ് ഒന്നുമല്ലെന്ന തിരിച്ചറിവും ബി ജെ പിക്കില്ലാതില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് പുറത്തെടുക്കാന്‍ ആവനാഴിയില്‍ വേറെ ആയുധങ്ങളില്ലല്ലോ.