എസ്‌വൈഎസ് ഇടപെട്ടു; എസ്എസ്എല്‍സി മാതൃകാ പരീക്ഷാ സമയം മാറ്റി

Posted on: February 13, 2019 12:03 pm | Last updated: February 13, 2019 at 12:03 pm

മലപ്പുറം: ഈ മാസം 18 മുതല്‍ 23 വരെ നടക്കുന്ന എസ് എസ് എല്‍ സി മാതൃകാ പരീക്ഷകളുടെ സമയക്രമം സംബന്ധിച്ച ആശങ്കക്ക് പരിഹാരമായി. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് 22ന് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം നഷ്ടമാകുന്ന തരത്തിലായിരുന്നു നേരത്തെ പരീക്ഷാ സമയം തീരുമാനിച്ചിരുന്നത്.

സിറാജ് ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പുതുക്കിയ സമയ ക്രമമനുസരിച്ച് ഇരുപത്തിരണ്ടാം തീയതിയിലെ ഇംഗ്ലീഷ് പരീക്ഷ നേരത്തെയാക്കുകയും കെമിസ്ട്രി പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. തീരുമാനത്തെ എസ് വൈ എസ് ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികള്‍ സ്വാഗതം ചെയ്തു.

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസകരമായ വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം ഏറെ ശ്ലാഘനീയമാണെന്ന് എസ് വൈ എസ് അഭിപ്രായപ്പെട്ടു.