ടി ട്വന്റിയില്‍ റെക്കോഡുകള്‍ സ്വന്തമാക്കി രോഹിത്

Posted on: February 8, 2019 7:52 pm | Last updated: February 8, 2019 at 7:52 pm

ഓക്‌ലന്‍ഡ്: ടി ട്വന്റിയില്‍ റെക്കോഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ലോക റെക്കോഡ് രോഹിത് സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

74 ഇന്നിംഗ്‌സുകളില്‍ നിന്നായി 2279 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 84 ഇന്നിംഗ്‌സുകളില്‍ 2272 നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് പിന്നിലാക്കിയത്. 2263 റണ്‍സുമായി പാക് താരം ശുഐബ് മാലിക്ക് മൂന്നാമതും വിരാട് കോലി (2167) നാലാമതുമാണ്.

റെക്കോഡിന് 35 റണ്‍സ് അകലെ നില്‍ക്കെയാണ് രോഹിത് മത്സരത്തിനിറങ്ങിയത്. റെക്കോഡ് പിന്നിട്ട് അര്‍ധ സെഞ്ച്വറിയും പോക്കറ്റിലാക്കിയാണ് രോഹിത് മടങ്ങിയത്. ഇതുകൂടാതെ മറ്റൊരു നേട്ടം കൂടി ഇന്ത്യന്‍ നായകന്‍ കൈവശപ്പെടുത്തി- ടി ട്വന്റിയില്‍ നൂറിലധികം സിക്‌സ് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതി. ക്രിസ് ഗെയ്‌ലും മാര്‍ട്ടിന്‍ ഗുപ്റ്റിലുമാണ് മുന്നിലുള്ളത്.

ടി ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സെടുക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും രോഹിത് നേടി. വിരാട് കോലിയെയാണ് പിന്നിലാക്കിയത്.