Connect with us

Ongoing News

ഏഷ്യ ആര്‍ക്ക് ? ജപ്പാനും ഖത്വറും ഇന്ന് നേര്‍ക്കു നേര്‍

Published

|

Last Updated

അബുദബി: ഏഷ്യന്‍ ഫുട്‌ബോളില്‍ നാല് തവണ ചാമ്പ്യന്‍മാരായ ജപ്പാനും ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് സഞ്ചരിച്ച ഖത്വറും ഇന്ന് കപ്പിനായ് നേര്‍ക്കു നേര്‍.

ഫേവറിറ്റുകളായ ആസ്‌ത്രേലിയയും ഇറാനും ദക്ഷിണ കൊറിയയും പാതിവഴിയില്‍ വീണപ്പോള്‍ അച്ചടക്കമുള്ള ഗെയിം പുറത്തെടുത്ത് ജപ്പാനും അറ്റാക്കിംഗ് ഫുട്‌ബോളുമായി ഖത്വറും കലാശപ്പോരിന് ടിക്കറ്റെടുത്തു.
ജപ്പാന്‍ ചരിത്രമുള്ള ടീമാണ്. അഞ്ചാം തവണ കപ്പുയര്‍ത്തി ഏഷ്യയുടെ സിംഹാസനത്തില്‍ കൂടുതല്‍ തവണ ഇരുന്നവര്‍ എന്ന റെക്കോര്‍ഡ് അവര്‍ ലക്ഷ്യമിടുന്നു. നാല് തവണ ഫൈനല്‍ കളിച്ചപ്പോഴും ജപ്പാന്‍ തോറ്റില്ല. അതുകൊണ്ടു തന്നെ അവസാന പോരിന് ഇറങ്ങുന്ന സാമുറായികള്‍ക്ക് ആത്മവിശ്വാസം വാനോളമാണ്.

ഫൈനലില്‍ ഒരിക്കല്‍ മാത്രമാണ് ജപ്പാന്‍ ഗോള്‍ വഴങ്ങിയത്. 2004 ല്‍ ചൈന ആയിരുന്നു ജപ്പാന്റെ വലയില്‍ പന്തെത്തിച്ചത്. മത്സരം 3-1നായിരുന്നു ജപ്പാന്‍ ജയിച്ചത്. 2011 ല്‍ ആസ്‌ത്രേലിയയെ വീഴ്ത്താന്‍ അധിക സമയത്തേക്ക് പോകേണ്ടി വന്നത് ഒഴിച്ചാല്‍ മറ്റ് രണ്ട് ഫൈനലുകളും നിശ്ചിത സമയത്ത് ഗോള്‍ വഴങ്ങാതെ ജപ്പാന്‍ ജയിച്ചിരുന്നു.

2014 ല്‍ മ്യാന്‍മറില്‍ നടന്ന എ എഫ് സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഖത്വര്‍ ടീമാണ് ഇന്ന് സീനിയര്‍ കപ്പിനായി കളത്തിലിറങ്ങുന്നത്. നാല് വര്‍ഷത്തിലേറെയായി ഒരുമിച്ച് കളിക്കുന്ന കിടിലന്‍ സംഘമാണ് ഖത്വര്‍. കോച്ച് ഫെലിക്‌സ് സാഞ്ചസിന്റെ അറ്റാക്കിംഗ് തന്ത്രങ്ങള്‍ വിജയിപ്പിക്കുവാന്‍ പോന്ന താരങ്ങള്‍ ടീമിലുണ്ട്. അല്‍മോസ് അലി, അക്രം അഫീഫ്, താരെക്‌സല്‍മാന്‍ എന്നീ സൂപ്പര്‍ താരങ്ങളെ എതിരാളികള്‍ ഭയക്കും.
യുവ സ്‌ട്രൈക്കര്‍ അല്‍മോസ് അലിയാണ് ഖത്വറിന്റെ ഹീറോ. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ അലി നേടിക്കഴിഞ്ഞു. അലി ദേയിയുടെ 23 വര്‍ഷം പഴക്കമുള്ള ഏഷ്യന്‍ കപ്പ് റെക്കോര്‍ഡിനൊപ്പമാണ് അല്‍മോസ് അലി.
ടോപ് സ്‌കോറര്‍ പുരസ്‌കാരം അലിയെ കാത്തിരിക്കുന്നു.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഖത്വര്‍ താരമാകും അലി. കഴിഞ്ഞ വര്‍ഷം എ എഫ് സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ടോപ് സ്‌കോര്‍ പദവി യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് തെളിയിക്കുകയാണ് അലി.
ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ക്ക് അവസരമൊരുക്കിയ താരവും ഖത്വര്‍ നിരയിലാണ്. എട്ട് ഗോളുകളൊരുക്കിയ അക്രം അഫിഫ്. ഇരുപത് അവസരങ്ങളാണ് സഹതാരങ്ങള്‍ക്ക് ഒരുക്കിയത്. ഇതാകട്ടെ, മറ്റേതൊരു താരത്തേക്കാളും ആറെണ്ണം അധികമാണ്.
ജപ്പാന്‍ നിരയില്‍ യുയ ഒസാകോയാണ് ശ്രദ്ധേയ താരം. പരുക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ ശേഷം സെമിഫൈനലില്‍ ഇറാനെതിരെ ഇരട്ട ഗോളുകള്‍ നേടിയാണ് ഒസാകോ ഫോം അറിയിച്ചത്.

ചാമ്പ്യന്‍ഷിപ്പില്‍ ആകെ മൂന്ന് മത്സരങ്ങളിലാണ് ഒസാകോ കളിച്ചത്. അലിയെക്കാള്‍ നാല് ഗോള്‍ പിറകിലാണ് ഒസാകോ. സ്‌കോറിംഗ് ശരാശരി നോക്കിയാല്‍ അലിയെക്കാള്‍ മുകളില്‍ ഒസാകോയാണ്. 53.5 മിനുട്ടില്‍ ഒരു ഗോള്‍ എന്നതാണ് ജാപനീസ് താരത്തിന്റെ ഗോളടി ശരാശരി. അലി ഓരോ 66 മിനുട്ടിലും ഒരു ഗോള്‍ നേടുന്നുവെന്നതാണ് ടൂര്‍ണമെന്റ് കണക്ക്.

ഫൈനലിലേക്കുള്ള
വഴി (ഖത്വര്‍)

ഗ്രൂപ്പ് റൗണ്ട്
2-0 ലെബനന്‍
6-0 ഉത്തര കൊറിയ
2-0 സഊദി അറേബ്യ

പ്രീക്വാര്‍ട്ടര്‍ ഫൈനല്‍
1-0 ഇറാന്‍

ക്വാര്‍ട്ടര്‍ ഫൈനല്‍
1-0 ദക്ഷിണ കൊറിയ

സെമി ഫൈനല്‍
4-0 യു എ ഇ

ഫൈനലിലേക്കുള്ള
വഴി (ജപ്പാന്‍)

ഗ്രൂപ്പ് റൗണ്ട്
3-2 തുര്‍ക്‌മെനിസ്ഥാന്‍
1-0 ഒമാന്‍
3-2 ഉസ്ബകിസ്ഥാന്‍

പ്രീക്വാര്‍ട്ടര്‍ ഫൈനല്‍
1-0 സഊദി അറേബ്യ

ക്വാര്‍ട്ടര്‍ ഫൈനല്‍
1-0 വിയറ്റ്‌നാം

സെമി ഫൈനല്‍
3-0 ഇറാന്‍

Latest