Connect with us

National

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; കോണ്‍ഗ്രസ് എം എല്‍ എമാര്‍ പരിധി വിടുന്നുവെന്നും രാജിക്കു തയാറെന്നും കുമാരസ്വാമി

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നിയന്ത്രണത്തിന്റെ എല്ലാ സീമകളും ലംഘിച്ചുള്ള പ്രസ്താവനകളാണ് കോണ്‍ഗ്രസ് എം എല്‍ എമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനു താത്പര്യമില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും തയാറാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ പരാമര്‍ശമാണ് കുമാരസ്വാമിയെ വല്ലാതെ ചൊടിപ്പിച്ചത്. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ താന്‍ വിചാരിച്ചാല്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഭിപ്രായം പറയുന്നതില്‍ എന്താണ് തെറ്റെന്നാണ് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപ മുഖ്യമന്ത്രിയുമായ ജി പരമേശ്വര ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവു കൂടിയായ സിദ്ധരാമയ്യ തന്നെയാണ് മികച്ച മുഖ്യമന്ത്രി. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര പറഞ്ഞു.

Latest