രഞ്ജി ട്രോഫി: രാഹുലിന്റെ സെഞ്ച്വറി കരുത്തില്‍ കേരളം പൊരുതുന്നു

Posted on: January 8, 2019 11:21 pm | Last updated: January 8, 2019 at 11:21 pm

നദൗല്‍ (ഹിമാചല്‍ പ്രദേശ്): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചലിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളം അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 219 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ആതിഥേയ ടീമിനെ കേരളം 297ന് പുറത്താക്കിയിരുന്നു.
ഓപണര്‍ പി രാഹുലിന്റെ സെഞ്ച്വറിയായിരുന്നു ഇന്നത്തെ കളിയുടെ സവിശേഷത. 103 റണ്‍സെടുത്ത രാഹുല്‍ ക്രീസിലുണ്ടെന്നതാണ് കേരളത്തിന്റെ ആത്മവിശ്വാസം. രാഹുലിന് മികച്ച പിന്തുണയുമായി സഞ്ജു വി സാംസണും (32) പിച്ചില്‍ തുടരുന്നു.

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഞ്ചു റണ്‍സ് മാത്രമെടുത്ത വി എ ജഗദീഷ് മടങ്ങി. പിന്നീട് വന്ന സിജോ മോന്‍ ജോസഫ് 16 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 40 റണ്‍സിന്റെ തെറ്റില്ലാത്ത സംഭാവന നല്‍കി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും (3) വിഷ്ണു വിനോദും (1) പെട്ടെന്ന് കൂടാരം കയറി.
സെഞ്ച്വറി നേടിയ അങ്കിത് കല്‍സി (101)യാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. റിഷ് ധവാന്‍ 58 റണ്‍സ് സ്വന്തം അക്കൗണ്ടിലാക്കി.

കേരളത്തിനു വേണ്ടി എം ഡി നിധീഷ് ആറു വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.