Connect with us

Ongoing News

സാഹിത്യം, വിവാദം

Published

|

Last Updated

മീശ കൊഴിഞ്ഞ നോവല്‍

നോവലില്‍ പുതുമകളൊന്നും പിറന്നില്ല. ശക്തമായ രചനകളും ഉണ്ടായില്ല. വിവാദമായിരുന്നു കടന്നുപോകുന്ന വര്‍ഷത്തിന്റെ നോവല്‍ സമ്പാദ്യം. എസ് ഹരീഷിന്റെ “മീശ” ആരെയൊക്കെയോ അസ്വസ്ഥപ്പെടുത്തി വല്ലാതെ വളരുന്നതും മുറിച്ചുമാറ്റപ്പെടുന്നതുമാണ് കണ്ടത്.

പ്രമുഖ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ തുടങ്ങിയ മീശക്ക് നേരെ മൂന്നാം ലക്കമായപ്പോഴേക്കും തീവ്ര ഹിന്ദുത്വ വാദികളുടെ പ്രതിഷേധം ഉയര്‍ന്നുവരികയായിരുന്നു. ഇതോടെ നോവല്‍ പിന്‍വലിക്കുകയും എഴുത്തുകാരന്‍ മാപ്പ് പറയുകയും ചെയ്തു. വായനാ സമൂഹത്തിന്റെ ശക്തമായ പിന്തുണയില്‍ നോവല്‍ പിന്നീട് പുസ്തക രൂപത്തില്‍ പുറത്തുവന്നു. പക്ഷേ, വിവാദ ചര്‍ച്ചകളോളം സജീവമാകാന്‍ നോവല്‍ എന്ന നിലയില്‍ മീശക്കും സാധിച്ചില്ല.

അപഹരിക്കപ്പെട്ട കവിത

അറിയപ്പെടുന്നതും അല്ലാത്തതുമായ എണ്ണിയാലൊടുങ്ങാത്ത പ്രസിദ്ധീകരണങ്ങളും കടന്ന് പതിവുപോലെ കവിതകള്‍ സമൂഹമാധ്യമങ്ങളിലും പൂത്തുലഞ്ഞു. എന്നാല്‍, മോഷണമെന്ന വലിയ വിവാദത്തിലേക്കാണ് വര്‍ഷം കൊഴിഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പ് കവിത ഓടിക്കയറിയത്. എസ് കലേഷിന്റെ കവിത അധ്യാപിക കൂടിയായ ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഏറ്റുപിടിച്ച് വലുതായ വിവാദം ദീപാ നിശാന്തിന്റെ ക്ഷമാപണത്തിലൂടെയും കലേഷിന്റെ പക്വതയാര്‍ന്ന ഇടപെടലിലൂടെയും കെട്ടടങ്ങി.

അന്തരിച്ച കവിയും നാടകാചാര്യനുമായ കാവാലം നാരായണപ്പണിക്കര്‍ക്ക് നേരെയും അപഹരണാരോപണം ഉണ്ടായി. മണ്‍മറഞ്ഞുപോയ നാടന്‍പാട്ട് ഗവേഷകന്‍ വെട്ടിയാര്‍ പ്രേംനാഥ് ശേഖരിച്ച പല നാടന്‍പാട്ടുകളും കാവാലം സ്വന്തം പേരിലാക്കി എന്നാണ് ആരോപണം. വെട്ടിയാര്‍ പ്രേംനാഥിന്റെ മകള്‍ പ്രമീളയാണ് ആരോപണവുമായി രംഗത്തെത്തിയത്.

പുരസ്‌കൃത മലയാളം

കേരള സാഹിത്യ അക്കാദമി 2018ല്‍ പ്രഖ്യാപിച്ചു. കവിതയില്‍ സാവിത്രി രാജീവന്‍, നോവലില്‍ ടി ഡി രാമകൃഷ്ണന്‍, കഥയില്‍ എസ് ഹരീഷ് എന്നിവര്‍ക്കാണ് പുരസ്‌കാരം. എഴുത്തച്ഛന്‍, വള്ളത്തോള്‍ പുരസ്‌കാരത്തിന് എം മുകുന്ദനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കവി എസ് രമേശന്‍ നായരും അനീസ് സലീമും അര്‍ഹരായി.

Latest