Connect with us

Kozhikode

വിവാദം അടങ്ങുന്നില്ല; മുത്വലാഖ് ബില്ല് ലീഗില്‍ ആളിക്കത്തുന്നു

Published

|

Last Updated

മുത്വലാഖ് ബില്ലിനെതിരായ വോട്ടെടുപ്പില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ മുസ്‌ലിം ലീഗില്‍ ആളിക്കത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തള്ളി ഇ ടി മുഹമ്മദ് ബശീറും പരസ്യമായി വിമര്‍ശിച്ച് സാദിഖലി ശിഹാബ് തങ്ങളും ഇന്നലെ രംഗത്തെത്തി. താഴെതലം മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി മറുപടി നല്‍കി.
കല്യാണം മാത്രമല്ല പാര്‍ട്ടി മുഖപത്രത്തിന്റെ സുപ്രധാന യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് കേരളത്തിലേക്ക് വന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. മുത്വലാഖ് ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കുന്നത് അറിയില്ലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വം തൃപ്തരല്ലെന്നാണ് നേതാക്കളില്‍ നിന്ന് ലഭിച്ച സൂചന. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഇ കെ വിഭാഗം സംഘടനയുടെ നേതാവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിശദീകരണം തേടിയത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ഇ കെ വിഭാഗത്തിന്റെയും അതേസമയത്ത് പാര്‍ട്ടിക്കുള്ളിലുമുള്ള ശക്തമായ പ്രതിഷേധമാണ് സാദിഖലി ശിഹാബ് തങ്ങളുടെ പരസ്യപ്രസ്താവനയിലൂടെ പുറത്ത് വന്നത്.
ഇ കെ വിഭാഗത്തിന്റെ മുതലക്കുളത്ത് നടന്ന സമ്മേളനത്തില്‍ സയ്യിദ് ജിഫ്രി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിലിരുത്തി രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ അതിനെ അതേ സ്റ്റേജില്‍ പ്രതിരോധിച്ച നേതാവാണ് സാദിഖലി ശിഹാബ് തങ്ങള്‍. മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്‍ഗാമികളായ സേട്ടുസാഹിബും ബനാത്ത് വാലയുമുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തിച്ചത് പോലെ പാര്‍ലിമെന്റില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയോട് ജിഫ്രി തങ്ങളുടെ താക്കീത്. രണ്ട് എം പിമാരായിട്ട് കൂടി മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബശീറും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ ഇതേ വേദിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സംഘടനാ നേതാവിന്റെ നിര്‍ദേശം മുഖവിലക്കെടുക്കാതെ പാര്‍ലിമെന്റില്‍ മുത്വലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതേ സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ ഇന്നലെ രംഗത്ത് വരികയായിരുന്നു. മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത മുതലക്കുളത്തെ ഇ കെ വിഭാഗം സമ്മേളനത്തില്‍ രണ്ട് മണിക്കൂറോളമാണ് കുഞ്ഞാലിക്കുട്ടി അന്ന് ഇരുന്നത്. ഈ വിഷയത്തില്‍ ലീഗിനൊപ്പം നില്‍ക്കുന്ന ഇ കെ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതോടു കൂടി ആ സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച സ്വീകാര്യത ഇല്ലാതാകുന്നതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടത്. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബശീര്‍ ഇന്നലെ രംഗത്ത് വന്നത്. വോട്ടെടുപ്പ് ദിവസം ലോക്‌സഭ ആകെ ബഹിഷ്‌കരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബശീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബില്ലിന് എതിരെ വോട്ട് ചെയ്ത് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കാനാണ് മുസ്‌ലിം ലീഗ് നേരത്തെ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതില്‍ അദ്ദേഹം തന്നെ വിശദീകരണം തന്നതാണെന്നും ഞാന്‍ അതില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇ ടി മറുപടി നല്‍കി. ഇന്നലെ ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പാര്‍ട്ടി പത്രവുമായി ബന്ധപ്പെട്ട മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ താന്‍ പങ്കെടുത്തുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ വിവാഹത്തില്‍ പങ്കെടുത്തതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി നല്‍കിയ ന്യായീകരണങ്ങള്‍ അംഗീകരിച്ച് കൊണ്ട് ഒരു പാര്‍ട്ടി നേതാവും രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ട കെ പി എ മജീദും ഉച്ചക്ക് ഡോ. എം കെ മുനീറും തുടര്‍ന്ന് ഇ ടി മുഹമ്മദ് ബശീറും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് സംസാരിച്ചില്ല. അതിനിടെ വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കി ഇന്നലെ ബി ജെ പി രംഗത്തെത്തിയത് മുസ്‌ലിം ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ രംഗത്ത് വരണമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. മുത്വലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഉണ്ടായിട്ടുള്ള ഭിന്നസ്വരം സ്വാഗതാര്‍ഹമാണെന്നുമാണ് രമേശ് വ്യക്തമാക്കിയത്. അകത്തും പുറത്തും പ്രതിഷേധം കനക്കുമ്പോള്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ അദ്ദേഹം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന സൂചനയാണ് ലീഗ് നേതാക്കള്‍ നല്‍കിയത്. ഒരു ഭാഗത്ത് പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശവും മറുഭാഗത്ത് ഇ കെ വിഭാഗം നേതാക്കളുടെ എതിര്‍പ്പും ശക്തമായതോടെ വളരെ സൂക്ഷിച്ച് രാഷ്ട്രീയം കളിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ പിഴച്ചുവെന്നാണ് വിലയിരുത്തല്‍. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് മുസ്‌ലിം ലീഗ് അഭിമുഖീകരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest